വാഗ്ഭടാനന്ദ സാംസ്കാരിക നിലയമൊരുങ്ങുന്നു; നിർമാണം കിഫ്ബിയിൽ നിന്നുള്ള 50 കോടി രൂപ ചെലവിട്ട്
Mail This Article
കൂത്തുപറമ്പ് ∙ നവോഥാന നായകനായിരുന്ന വാഗ്ഭടാനന്ദ ഗുരുവിന് ജന്മനാടായ പാട്യം കൊട്ടയോടിയിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി. കിഫ്ബിയിൽ നിന്നുള്ള 50 കോടി രൂപ ചെലവിട്ടാണു നിർമാണം നടത്തുക. ഏറ്റെടുത്ത ഭൂമിയുടെ രേഖ സാംസ്കാരിക വകുപ്പിന് കൈമാറി. പഞ്ചായത്ത് സൗജന്യമായി നൽകിയ പാട്യം മിനി സ്റ്റേഡിയം ഉൾപ്പെടുന്ന 89 സെന്റ് സ്ഥലവും സ്വകാര്യ വ്യക്തികളുടെ 2 ഏക്കർ 15 സെന്റ് സ്ഥലവുമാണ് ഏറ്റെടുത്തിട്ടുള്ളത്.
കിഫ്ബിയിൽ നിന്ന് 40 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്. ഇപ്പോൾ 10 കോടി രൂപ കൂടി ഉൾപ്പെടുത്തി 50 കോടി ചെലവിട്ടാണ് നിർമാണം. .വാഗ്ഭടാനന്ദ ഗുരുദേവന്റെ ജന്മഗൃഹമായ തേനങ്കണ്ടി വാഴവളപ്പ് ഇതിന് ഏതാനും മീറ്ററുകൾ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പൗരാണിക വാസ്തുശിൽപ മാതൃകയിൽ 47,800 ചതുരശ്ര അടിയിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിൽ മ്യൂസിയം, തിയറ്റർ, ഗവേഷണ കേന്ദ്രം, ലൈബ്രറി, ഓഡിറ്റോറിയം, ഓപ്പൺ എയർ തിയറ്റർ, സെമിനാർ ഹാൾ എന്നിവ ഒരുക്കും. നവോത്ഥാന ആചാര്യന്റെ ത്യാഗഭരിതമായ ജീവിതം പുതു തലമുറയ്ക്ക് പകർന്ന് നൽകുന്നതിനാണ് ജന്മനാട്ടിൽ തന്നെ അദ്ദേഹത്തിന് സ്മാരകം നിർമിക്കുന്നത്.