പകൽ പോലും കേൾക്കാം പുലിയുടെ മുരൾച്ച; കൃഷിയിടത്തില് കടുവയുടെ കാൽപാട്
Mail This Article
പാൽച്ചുരം∙ കൊട്ടിയൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പുതിയങ്ങാടിയിൽ കടുവയുടെ കാൽപാട് കണ്ടെത്തി. ഇടമന വെള്ളൻ, മാങ്കുട്ടത്തിൽ ഷിജോ,വടക്കയിൽ ജെയൻ എന്നിവരുടെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിൽ ഈ പ്രദേശത്ത് കടുവയുടേതെന്നു കരുതുന്ന ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ രാവിലെ നടത്തിയ പരിശോധനയിലാണു കാൽപാടുകൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ കുമാർ നരോത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമല, നെല്ലിയോടി, പറങ്കിമല, പാൽച്ചുരം, പാലുകാച്ചി പ്രദേശങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം പലതവണ കണ്ടെത്തിയിട്ടുള്ളതാണ്. ഈ പ്രദേശങ്ങളിൽ നിന്നെല്ലാം വളർത്തുമൃഗങ്ങളെ കടുവയും പുലിയും പിടിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് പാലുകാച്ചിയിലാണ് ഏറ്റവും ഒടുവിൽ വന്യമൃഗം ഇറങ്ങി വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടിച്ചു കൊന്നത്. രണ്ട് മാസം മുൻപാണ് ചപ്പമലയിൽ വീടിന്റെ കോലായിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി പിടിച്ചത്.
പകൽ പോലും കേൾക്കാം പുലിയുടെ മുരൾച്ച
ചപ്പമലയിൽ പകൽ സമയത്തു പോലും മലമുകളിൽ നിന്ന് പുലിയുടേത് എന്ന് സംശയിക്കാവുന്ന മുരൾച കേൾക്കാമെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് പുലിയോ കടുവയോ പ്രസവിച്ചു കിടക്കുന്നതായും നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് കൊട്ടിയൂർ ബോയ്സ്ടൗൺ റോഡിലൂടെ രാത്രിയിൽ കാറിൽ പോയവർ റോഡിൽ പുലിയെ കണ്ടതായും പ്രചാരണം ഉണ്ടായിരുന്നു.
10 വർഷം മുൻപുതന്നെ കൊട്ടിയൂർ വനമേഖലയിൽ കടുവ, പുലി എന്നിവയെ വനംവകുപ്പ് തന്നെ കൊണ്ടു വന്ന് വിട്ടതായി ആരോപണം ഉയർന്നിരുന്നു. കൊട്ടിയൂർ റിസർവ് വനത്തെ വന്യജീവി സങ്കേതം ആയി പ്രഖ്യാപിച്ച ഉടനെയാണ് ഇത്തരം ഒരു ആരോപണം ഉണ്ടായത്. എന്നാൽ വനം വകുപ്പ് അത് നിഷേധിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ വനാതിർത്തി മേഖലകൾ വിട്ടും കടുവയും പുലിയും യഥേഷ്ടം വിലസുന്ന കാഴ്ചയാണ് എങ്ങും ഉള്ളത്.