ADVERTISEMENT

കണ്ണൂർ നഗരത്തിലെത്തുന്നവരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഗതാഗതക്കുരുക്കിൽപ്പെടാതെയുള്ള യാത്ര. ആ കുരുക്കഴിക്കാൻ അഞ്ചു വർഷം മുൻപ് തുടക്കമിട്ട പദ്ധതിയാണ് നഗര റോഡ് നവീകരണം. 738 കോടി രൂപ ചെലവിൽ 11 റോഡുകൾ നവീകരിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. തെക്കി ബസാർ ഫ്ലൈഓവർ, മേലേച്ചൊവ്വ അടിപ്പാത തുടങ്ങിയ പദ്ധതികൾ വേറെയുമുണ്ട്.

മലയാള മനോരമ ഒരുക്കിയ എംഎൽഎ ഓൺ–ലൈൻ പരിപാടിയുടെ ഭാഗമായി വായനക്കാർ വാട്സാപ് വഴി അറിയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ. നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം, വിനോദസഞ്ചാരം, വ്യവസായം, കൃഷി, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പദ്ധതികളും അഞ്ചുവർഷത്തിനകം നടപ്പാക്കും.

ഗതാഗതം

നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായാണ് 738 കോടി രൂപ വകയിരുത്തി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കു തുടക്കമിട്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി 337 കോടി രൂപയും റോഡ് വികസനത്തിന് 401 കോടി രൂപയുമാണ് നീക്കിവച്ചത്. 14.5 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത റോഡുകളുടെ നവീകരണം വൈകാതെ പൂർത്തിയാക്കും.

ഏറ്റവും തിരക്കേറിയ തെക്കി ബസാർ–കാൾടെക്സ് ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി മേൽപാലം നിർമിക്കുന്നത്. ദേശീയപാതയിലെ കിംസ്റ്റ് ആശുപത്രിക്കു സമീപത്തുനിന്നു തുടങ്ങി ട്രെയിനിങ് സ്കൂളിനു സമീപം അവസാനിക്കുന്ന തരത്തിലാണ് മേൽപാത വരുന്നത്.130 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. 150 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും ബന്ധിപ്പിച്ച് മേൽപാലം വേണമെന്ന ആവശ്യം പതിറ്റാണ്ടുകളായുള്ളതാണ്. ഇതിനായി കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. റെയിൽവേയുടെ എസ്റ്റിമേറ്റ് പ്രകാരം സർക്കാർ 5.27 കോടിരൂപ റെയിൽവേക്ക് നിക്ഷേപമായി നൽകുകയും ചെയ്തു. ടെൻഡർ നടപടി ഓഗസ്റ്റിൽ തുടങ്ങും.

മേലേചൊവ്വയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുദ്ദേശിച്ചാണ് 28 കോടി രൂപ ചെലവിൽ അടിപ്പാത നിർമിക്കുന്നത്. ഇതിനായുള്ള ഭൂമി ‌എറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണ്.ദേശീയപാതയിൽ പാപ്പിനിശ്ശേരി – കിഴുത്തള്ളി ബൈപാസിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. വൈകാതെ പ്രവൃത്തി കരാർ നൽകും. സ്പിന്നിങ്ങിൽ – താഴെചൊവ്വ ബൈപാസ് പദ്ധതിക്ക് കിഫ്ബി അനുമതി ഉടൻ ലഭ്യമാകും. 20 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കുറുവ, നാറാണത്ത് പാലങ്ങൾ ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നു. ബണ്ടുപാലം, അയ്യാരകത്ത് പാലം എന്നിവയ്ക്ക് സാങ്കേതിക അനുമതി ഉടൻ ലഭിക്കും.

വിദ്യാഭ്യാസം

മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും ഹൈടെക് ആക്കും. ഡിഡിഇ ഓഫിസ് പരിസരത്ത് വിദ്യാഭ്യാസ കോംപ്ലക്സ് സജ്ജമാക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ എല്ലാ വിദ്യാഭ്യാസ ഓഫിസുകളും ഒരു കേന്ദ്രത്തിൽ വരും. സ്കൂൾ മൈതാനങ്ങൾ നവീകരിക്കും. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് റൂം ലൈബ്രറികൾ സജ്ജമാക്കും. ഉന്നതവിദ്യാഭ്യാസം മേഖലയിലും ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. കണ്ണൂർ സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കും. ഐടിഐ, പോളിടെക്നിക്, മാരിടൈം അക്കാദമി എന്നിവയിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ മുൻകയ്യെടുക്കും.

ആരോഗ്യം

മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണം പൂർത്തിയാവുന്നതോടെ ജില്ലാ ആശുപത്രി അടിമുടി മാറും. സൂപ്പർ സ്പെഷ്യൽറ്റി സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയിലും സൗകര്യങ്ങൾ വിപുലപ്പെടുത്തും. കണ്ണൂരിലെ റീജനൽ പബ്ലിക് ഹെൽത്ത് ലാബ് മികവിന്റെ കേന്ദ്രമാക്കി മാറ്റും. ഇതോടെ എല്ലാവിധ ലാബ് പരിശോധനകളും ഇവിടെ ലഭ്യമാവും. മണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും അഞ്ചു വർഷത്തിനകം കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തും. ഹോമിയോ ആശുപത്രി വികസനവും മനസ്സിലുണ്ട്. സ്ഥലലഭ്യതയാണ് തടസ്സം. വൃക്ക, കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനുള്ള ബോധവൽക്കരണം എന്നിവ നടപ്പാക്കും.

കൃഷി

തരിശുരഹിത നിയോജകമണ്ഡലം എന്ന ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കും. കാനാമ്പുഴ രണ്ടാംഘട്ടം സംരക്ഷണ പ്രവൃത്തി നടപ്പാക്കും. കാനാമ്പുഴ ബ്രാൻഡ് അരി വിപണിയിലിറക്കാൻ പദ്ധതിയുണ്ട്. മുണ്ടയാട് കോഴിവളർത്തൽ കേന്ദ്രം, ആയിക്കര മത്സ്യമാർക്കറ്റ് ആധുനികവൽക്കരിക്കും. വീട്ടുമുറ്റത്ത് മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കും. ആട്, മുയൽ, കോഴി എന്നിവയെ വളർത്താൻ മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു പദ്ധതി തയാറാക്കും. കൃഷിക്കാർക്ക് ഉൽപന്നങ്ങൾ വിൽക്കാൻ സൺഡേ മാർക്കറ്റ് സജ്ജമാക്കും. പഴശ്ശി കനാലിന്റെ ഭാഗമായ പ്രദേശങ്ങളിൽ സർവേ നടത്തി അവ കൃഷിക്കായി ഉപയോഗപ്പെടുത്തും.

വിനോദസഞ്ചാരം

ടൗൺ സ്ക്വയർ നവീകരിക്കും. കാനാമ്പുഴ കേന്ദ്രീകരിച്ച് നടപ്പാത, സോളർ വിളക്കുകൾ തുടങ്ങിയവ സജ്ജീകരിക്കും. മുണ്ടേരിക്കടവ് ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിക്കും. പയ്യാമ്പലത്തെ നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കും. എല്ലാ വർഷവും ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ആനക്കുളത്ത് സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയൊരുക്കും. ആദികടലായിയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സാധ്യത പഠിക്കും.

വ്യവസായം

ഹാൻവീവിൽ കൈത്തറി മ്യൂസിയം ഉടൻ പൂർത്തിയാക്കും. കാഞ്ഞിരോട് കേന്ദ്രീകരിച്ച് വസ്ത്ര ഗ്രാമം പദ്ധതി നടപ്പിലാക്കും. മുണ്ടേരി പഞ്ചായത്തിൽ അഗ്രി ഫാം പ്രവർത്തനം തുടങ്ങും. തോട്ടട പോളിടെക്നിക്, ഐടിഐ എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്തി വ്യവസായ പാർക്ക്, സ്പിന്നിങ് മിൽ ആധുനികവൽക്കരിക്കും. കണ്ണൂരിൽ സൈബർ പാർക്ക് സ്ഥാപിക്കാനുള്ള ശ്രമം നടത്തും. വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ഫുഡ് പാർക്ക് സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

മറ്റു പദ്ധതികൾ

സിവിൽ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാർട്ടാകും. മാളികപറമ്പ് കുടിവെള്ള പദ്ധതി ഉടൻ ആരംഭിക്കും കണ്ണൂർ കോടതി കെട്ടിടം യാഥാർഥ്യമാക്കും. നിർമാണത്തിന് 24.55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ എൻജിഒ ക്വാർട്ടേഴ്സിനു പുതിയ കെട്ടിടം നിർമിക്കും. ഇതിനു 3 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മുരിക്കൻചേരി കേളു സ്മാരകം പൂർത്തീകരിക്കും. ചെറുശ്ശേരി സ്മാരകം നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തും. ആദികടലായിയിൽ മിനി ഹാർബർ സ്ഥാപിക്കും.

എംഎൽഎ ഓൺലൈനിലേക്ക് ചോദ്യങ്ങൾ അയച്ചവർ: അക്‌ബർ അലി, കെ.വി.രാജീവൻ, പി.ജോയ്, വി.ഷംസുദ്ദീൻ, എം.നിഹാൽ, സമീർ, പി.വി.രാഘവൻ, വി.ഷംസുദ്ദീൻ, എം.ജോസഫ്, എം.പി.നാരായണൻ, സി.ചന്ദ്രൻ, വി.രാജൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com