ഇപ്പോൾ ദേ ഇങ്ങനെയാണ്.., മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ബാനറുകളും ഹോർഡിങ്ങുകളും
Mail This Article
തലശ്ശേരി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ബാനറുകളും ഹോർഡിങ്ങുകളും റീസൈക്ലിങ് നടത്തി മനോഹരമായ പൂച്ചട്ടികളും ട്രേ, കപ്പുകളുമാക്കി മാറ്റി. പിണറായിൽ എൽഡിഎഫ് ധർമടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പൂച്ചട്ടികൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മണ്ഡലം പ്രതിനിധി പി. ബാലനും സിപിഎം ഏരിയാ സെക്രട്ടറി കെ. ശശിധരനും ഏറ്റുവാങ്ങി. 1075 പൂച്ചട്ടികൾ ധർമടം മണ്ഡലത്തിലെ 215 അങ്കണവാടികൾക്കായി വിതരണം ചെയ്യും.
പ്ളാസ്റ്റിക് മാലിന്യത്തിന്റെ അപകടം സമൂഹം വലിയതോതിൽ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. നദികളും കായലും കടലും വലിയ തോതിൽ പ്ലാസ്റ്റിക് നിറഞ്ഞു. ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്നതാണ് നമ്മുടെ ശീലം. ഇതേരീതിയിൽ പോയാൽ കടലിൽ പ്ലാസ്റ്റിക് നിറഞ്ഞു പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, സുജന, സോമശേഖരൻ, സി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.
പോളി എഥിലിൻ നിർമിതമായ ഇക്കോ സൈൻ പ്രിന്റുകളാണ് ധർമടത്ത് എൽഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. ഉപയോഗിച്ച ഇക്കോസൈൻ മെറ്റീരിയലുകൾ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് കമ്മിറ്റികൾ മുഖേന ശേഖരിച്ച് എറണാകുളത്തെ റീസൈക്ലിങ് പ്ലാന്റിലേക്ക് എത്തിച്ച് യന്ത്ര സഹായത്താൽ ഗ്രാന്യൂൾസ് ആക്കി മാറ്റിയാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാക്കിയത്.
English Summary: Banners and hoardings used in the Assembly election campaign were recycled into flower pots, trays and cups.