ADVERTISEMENT

കണ്ണൂർ ∙ രാജ്യമെമ്പാടും ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുമ്പോഴും ഉത്തരമലബാറിലെ യാത്രാ ദുരിതം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി ട്രെയിനുകളിൽ ജനറൽ കോച്ചുകളും സീസൺ ടിക്കറ്റ് യാത്രയും അനുവദിക്കുമ്പോഴെങ്കിലും സ്ഥിരം യാത്രക്കാരുടെ ദുരിതം തീരുമെന്നു കരുതിയെങ്കിലും കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ കാര്യങ്ങളൊന്നും മാറിയില്ല. രാവിലെ 7.40നു പുറപ്പെടുന്ന കണ്ണൂർ–മംഗളൂരു സ്പെഷൽ മാത്രമാണ് രാവിലെ മംഗളൂരു ഭാഗത്തേക്ക് ജനറൽ ടിക്കറ്റും സീസൺ യാത്രയും അനുവദിക്കുന്ന ഏക ട്രെയിൻ.

കാലുകുത്താൻ പറ്റാത്തത്ര തിരക്കോടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. മംഗളുരു-കോയമ്പത്തൂർ ട്രെയിൻ 10 മുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതും സ്ഥിരം യാത്രക്കാർക്കു പ്രയോജനപ്പെടില്ല. മംഗളൂരുവിൽ നിന്നു രാവിലെ പുറപ്പെട്ട് 11.55നാണ് ട്രെയിൻ കണ്ണൂരിൽ എത്തുക. ഓഫിസുകളിലേക്ക് ഉൾപ്പെടെ എത്തേണ്ടവർക്ക് ഈ സമയക്രമം പ്രയോജനപ്പെടില്ല. തിരികെ ഉച്ചകഴി‍ഞ്ഞ് 3.10നു കണ്ണൂരിൽ നിന്നു മംഗളൂരുവിലേക്കു പോകുന്ന ഈ ട്രെയിനിന്റെ മടക്കയാത്രയും സ്ഥിരം യാത്രക്കാർക്ക് ഗുണകരമാവില്ല.

ഓഫിസ് സമയത്തിനു ശേഷം കണ്ണൂർ വിടുന്ന പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളിൽ സീസൺ ടിക്കറ്റ് യാത്ര അനുവദിക്കാത്തതാണ് സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നത്. ഏറനാട്, മംഗളൂരു-ചെന്നൈ എഗ്മോർ, ഇന്റർസിറ്റി, ചെന്നൈ മെയിൽ, കണ്ണൂർ-യശ്വന്ത്പുർ എന്നിവയിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ 9 അൺ റിസേർവ്‌ഡ് ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായെങ്കിലും പാലക്കാട് ഡിവിഷൻ യാത്രക്കാരോടു മുഖംതിരിഞ്ഞു നിൽക്കുകയാണെന്നു പാസഞ്ചർ അസോസിയേഷനുകൾ ആരോപിക്കുന്നു.

ഇതിൽ പ്രതിഷേധിച്ച് 10ന് കരിദിനം ആചരിക്കുമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. മംഗളൂരു റൂട്ടിൽ കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാൾ തുടങ്ങിയ സ്റ്റേഷനുകളിൽ റിസർവേഷൻ സൗകര്യവും നിലവിൽ ലഭ്യമല്ല. ഓൺലൈൻ ബുക്കിങ് മാത്രമാണ് ആശ്രയം. റിസർവേഷൻ സൗകര്യമുള്ള സ്റ്റേഷനുകളിൽ മതിയായ കൗണ്ടറുകൾ ഏർപ്പെടുത്താത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com