മുഖ്യമന്ത്രി നടത്തുന്ന കൊള്ള അംഗീകരിക്കാനാകില്ല: സുധാകരൻ
Mail This Article
കണ്ണൂർ∙ വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൊള്ള ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂർ, കാസർകോട് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ തൊട്ട് മണ്ഡലം പ്രസിഡന്റ്മാർ വരെയുള്ളവരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്ന വഴിയിലെ ജനങ്ങൾ പദ്ധതിയുടെ ദോഷം മനസ്സിലാക്കിക്കഴിഞ്ഞു. അവർ പ്രതികരിക്കുന്നതു നാം കാണുന്നുണ്ട്.
ആരാണു പിണറായിക്കു കേരളത്തിലെ ജനങ്ങളുടെ ഭൂമി എടുക്കാൻ അനുമതി കൊടുത്തത്. സിൽവർ ലൈനിനെ പറ്റി കോൺഗ്രസും യുഡിഎഫും പഠിച്ച ശേഷമാണു സമരം നടത്തുന്നത്. പദ്ധതിയുടെ ഡിപിആർ പുറത്തുവിടുന്നില്ല. ഏതാനും പേജുകൾ മാത്രം ജനങ്ങളുടെ മുന്നിലേക്കിട്ട് ഒളിച്ചുകളിക്കുകയാണ്. നിയമസഭയിൽ പദ്ധതി ചർച്ച ചെയ്യാത്തവർ, ഇപ്പോൾ പറയുന്നതു നിയമസഭയിൽ ചർച്ച ചെയ്തുവെന്നാണ്. പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണ്. സമരം വിജയിപ്പിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നോട്ടു വരണം.’
കെ.സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, സണ്ണി ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി, ഹക്കീം കുന്നേൽ, കെ.പി.കുഞ്ഞിക്കണ്ണൻ, കാസർകോട് ജില്ലാ പ്രസിഡന്റ് പി.കെ.ഫൈസൽ, ഡോ.കെ.വി.ഫിലോമിന, വി.എ.നാരായണൻ, സജീവ് മാറോളി, കെ.എൽ.പൗലോസ്, പി.ടി.മാത്യു, എം.നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.