ADVERTISEMENT

കണ്ണൂർ∙ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യ പ്രവർത്തനത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും തുടക്കം കുറിച്ച 1939 ലെ പിണറായി പാറപ്രം സമ്മേളനം മുതൽ പാർട്ടിയുടെ ഇന്നു വരെയുള്ള ചരിത്രം പറയുന്ന  വിപുല മ്യൂസിയം മാർച്ചിൽ തുറന്നു കൊടുക്കും. ബർണശ്ശേരി ഇ.കെ.നായനാർ അക്കാദമിയോട് അനുബന്ധിച്ചുള്ള മ്യൂസിയം ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുൻപായി തുറക്കണമെന്ന് സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. 18,000 ചതുരശ്ര അടിയിലാണ് മ്യൂസിയം രൂപ കൽപന ചെയ്യുന്നത്. രാജ്യാന്തര മ്യൂസിയം കൗൺസിൽ ബോർഡ് അംഗം ചെന്നൈയിലെ വിനോദ് ഡാനിയൽ, ചലച്ചിത്ര പ്രവർത്തകൻ ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് രൂപകൽപനയ്ക്കു നേതൃത്വം നൽകുന്നത്.

എറണാകുളം, ബെംഗളൂരു എന്നിവിടങ്ങളിൽ സാങ്കേതിക വിദഗ്ധർ, കലാ സംവിധായകർ എന്നിവരുടെ മേൽനോട്ടത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയത്തിലേക്കുള്ള നിർമിതികളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തോടെ ഇത് കണ്ണൂരിൽ സ്ഥാപിക്കും. കേരളത്തിലെ കർഷക സമരങ്ങളായ കയ്യൂർ, കരിവെള്ളൂർ, മൊറാഴ സമരങ്ങൾ, മറ്റു ദേശീയ സമരങ്ങൾ എന്നിവയുടെ വിശദ ചരിത്രവും ഒരുക്കുന്നുണ്ട്. നായനാരുടെ രാഷ്ട്രീയ ജിവിതത്തിന്റെ പ്രധാന ഏടുകൾ കോർത്തിണക്കിയുള്ള ദൃശ്യങ്ങൾ, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, എഴുതിയിരുന്ന പേന എന്നിവയും ഒരുക്കും.

ത്രിഡി ടെക്നോളജിയിലുള്ള ഓറിയന്റേഷൻ തിയറ്ററിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സമരങ്ങളും വിവിധ ചരിത്ര ഘട്ടങ്ങളും കാണിക്കും. അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്ന, 28 അടി ഉയരമുള്ള ശിൽപവും കേരളത്തിലെ എല്ലാ രക്തസാക്ഷികളുടെയും പേരുകൾ രേഖപ്പെടുത്തിയ ചുമരും മ്യൂസിയത്തിന്റെ പ്രത്യേകതയാകും.സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന സമിതി അംഗം ജയിംസ് മാത്യു, നായനാർ അക്കാദമി ഡയറക്ടർ ടി.വി,ബാലൻ എന്നിവരാണ് മ്യൂസിയം ഒരുക്കുന്ന പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത്. നായനാർ അക്കാദമിയിൽ തന്നെയാണ് പാർട്ടി കോൺഗ്രസിനുള്ള വേദിയും സജ്ജീകരിക്കുന്നത്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com