ADVERTISEMENT

കൂത്തുപറമ്പ് ∙ ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിന് വേദിയായ നഗരസഭാ സ്റ്റേഡിയത്തിലെ ഫുട്ബോൾ കളിക്കളത്തിലെ പ്രകൃതിദത്ത പുല്ലുകൾ വൈറസ് ബാധയെ തുടർന്ന് ഉണങ്ങി നശിക്കുന്നു. ശാസ്ത്രീയമായ പരിചരണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ഈ ഫുട്ബോൾ സ്റ്റേഡിയം എല്ലാ നിലയിലും സംരക്ഷിക്കുന്നതിന് നേരത്തെ തീരുമാനമുണ്ടായിരുന്നു. സ്ഥിരമായി വെള്ളം നനയ്ക്കാനും പരിരക്ഷിക്കാനുമായി നഗരസഭ 2 മുനിസിപ്പൽ തൊഴിലാളികളുടെ സേവനം വിട്ടുനൽകിയിട്ടുണ്ട്.

സ്റ്റേഡിയം പരിരക്ഷയ്ക്ക് സ്പോർട്സ് കേരള പദ്ധതിയിൽ സേവനം ലഭ്യമാകുമോ എന്ന് പരിശോധിക്കാനും തീരുമാനമുണ്ടായിരുന്നെങ്കിലും അത് എവിടെയും എത്തിയില്ല. അഞ്ചര കോടിയോളം രൂപ ചെലവിൽ നവീകരിച്ച ഈ കളിക്കളം വിദഗ്ധർ ഏറെ മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തിയതോടെയാണു ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന് ആതിഥ്യമരുളിയത്. സംസ്ഥാനത്തെ 3 വേദികളിൽ ഒന്നായി ഇതും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മത്സര സമാപന ദിവസം സ്റ്റേഡിയത്തിലെത്തിയ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധി പറഞ്ഞത് 3 വേദികളിൽ ഏറ്റവും മികച്ചത് കൂത്തുപറമ്പിലെ സ്റ്റേഡിയമാണ് എന്നാണ്. സ്ഥിരമായ പരിപാലനത്തിന് സ്പോർട്സ് കൗൺസിലിന്റെയും റവന്യു വകുപ്പിന്റെയും സഹകരണത്തോടെ നഗരസഭയ്ക്ക് ചുമതല നൽകുന്നതിനുള്ള തീരുമാനം മന്ത്രിതല യോഗത്തിൽ ഉണ്ടായിരുന്നു.

ഇതനുസരിച്ച് സ്റ്റേഡിയം പരിപാലനത്തിന് നഗരസഭയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ലഭിച്ചില്ല. സ്ഥിരമായി വെള്ളം നൽ‍കിയിട്ടും പുൽ തകിടികൾ ഉണങ്ങി തുടങ്ങിയതോടെയാണ് ഇവ പരിഹരിക്കാൻ നേരത്തെ പരിപാലനത്തിന് നേതൃത്വം നൽകിയ 2 തൊഴിലാളികളെ കൂടി നഗരസഭ ഏർപ്പെടുത്തിയത്. വൈറസ് ബാധയാണ് പുൽ തകിടി നശിച്ച് പോകാൻ കാരണമാകുന്നത് എന്നാണ് പറയുന്നത്. ശാസ്ത്രീയമായ പരിപാലനത്തിന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വൈറസ് ബാധ വ്യാപകമാകുമെന്നാണ് പറയപ്പെടുന്നത്. അധികൃതർക്ക് മാത്രമല്ല ഫുട്ബോൾ പ്രേമികളിലും ഈ അവസ്ഥ ആശങ്ക ഉളവാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com