ADVERTISEMENT

കണ്ണൂർ∙ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലൊട്ടാകെ ഇന്നലെ വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ വനിതാ, ശിശു വികസന ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെ ആദരിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

കായിക രംഗത്തെ മികവിന് പി.വി.ലതിക, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന റഷീദ മേലാട്ട്, പ്രതികൂല സാഹചര്യം അതിജീവിച്ച് ജീവിതവിജയം നേടിയ എ.ശ്രീദേവി, സാമൂഹിക സേവനരംഗത്തു സംഭാവന നൽകിയ യു.പി.വി.യശോദ, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് യു.പി.വി.സുധ എന്നീ വനിതകളെയും ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി.മെസ്‌ന, സുജേത സതീഷ്, അദ്വൈത് എസ്.പവിത്രൻ എന്നീ വിദ്യാർഥികളെയുമാണ് ആദരിച്ചത്. തളിപ്പറമ്പ് ആർഡിഒ ഇ.പി.മേഴ്സി അധ്യക്ഷയായി.

∙സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി മണ്ഡലത്തിലെ പരിപാടി സബ് കലക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ ചെയർപഴ്സൻ കെ.എം.ജമുനാറാണി അധ്യക്ഷയായി.

∙ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാദിനാഘോഷത്തിന്റെ ഭാഗമായി വർക്കിങ് വിമൻസ് കോ–ഓ‍ഡിനേറ്റിങ് കമ്മിറ്റിയുമായി ചേർന്നു 18 കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. തുല്യ വിദ്യാഭ്യാസവും തൊഴിലും അവകാശം, തുല്യതയ്ക്കായുള്ള പോരാട്ടം, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുക്കൽ എന്നിവ വിഷയങ്ങളായി.

∙മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈത്രി വൃദ്ധസദനത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.ടി.ഗിരിജ, സംസ്ഥാന സെക്രട്ടറി ഡെയ്സി സ്കറിയ, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

∙കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മഹിജ അധ്യക്ഷയായി. സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

∙കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്നലെ വനിതാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

∙ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ‘അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ.കെ.ബീന പ്രഭാഷണം നടത്തി.

∙ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ശബ്ദ സദസ്സ് സംഘടിപ്പിച്ചു. കല്യാശേരി ബ്ലോക് പഞ്ചായത്ത് അംഗം രേഷ്മ പാരഗൺ ഉദ്ഘാടനം ചെയ്തു.

∙വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഉദ്ഘാടനം ചെയ്തു.

∙വിമെൻസ് വോയ്സ് കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡപ്യൂട്ടി മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്തു. സൗമി മട്ടന്നൂർ അധ്യക്ഷയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com