ADVERTISEMENT

സിപിഎം ദേശീയ സമ്മേളനത്തെ വരവേൽക്കാൻ കണ്ണൂർ ആദ്യമായി ഒരുങ്ങുന്നു. നാടാകെ ചെങ്കൊടികളും ചുവപ്പു തോരണങ്ങളും. പ്രവർത്തകർ ആവേശത്തിൽ

പാർട്ടി പിറന്ന മണ്ണിൽ ആദ്യമായി നടക്കുന്ന സിപിഎം ദേശീയ സമ്മേളനത്തെ വരവേൽക്കാൻ ചുവപ്പിൽ കുളിച്ച് കണ്ണൂർ. നാട്ടിലാകെ ചെങ്കൊടികളും ചുവപ്പു തോരണങ്ങളും. പ്രസ്ഥാനം പിന്നിട്ട വഴികളിലെ സമരങ്ങൾ ഇൻസ്റ്റലേഷനുകളായും ചിത്രങ്ങളായും വഴിയോരങ്ങളിൽ.

ഇ.കെ.നായനാരും പിണറായി വിജയനും (ഫയൽ ചിത്രം)

മാർക്സ്, ലെനിൻ, സ്റ്റാലിൻ, എകെജി, ഇഎംഎസ്, ഇ.കെ.നായനാർ, അഴീക്കോടൻ രാഘവൻ മുതൽ പിണറായി വിജയൻ വരെയുണ്ട് ചിത്രങ്ങളിൽ. ധീര രക്തസാക്ഷികളുടെയും മൺമറഞ്ഞു പോയ നേതാക്കളുടെയുമെല്ലാം ചിത്രങ്ങളും പ്രചാരണത്തിനു നിറം ചാർത്തുന്നു. സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ സമാപിച്ച ഉടൻ തന്നെ പാർട്ടി കോൺഗ്രസിനുള്ള ഒരുക്കങ്ങൾ കണ്ണൂരിൽ തുടങ്ങിയിരുന്നു. പാർട്ടി കോൺഗ്രസിന്റെ പ്രധാന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. കലക്ടറേറ്റ് മൈതാനിയിലാണ് ചരിത്ര–ചിത്ര പ്രദർശനം. നായനാർ മ്യൂസിയവും തയാറായി. ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്.

കണ്ണൂരിന് ആദ്യ അവസരം 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും. (ഫയൽ ചിത്രം)

പാർട്ടി കോൺഗ്രസിന് വേദിയൊരുക്കാനുള്ള അവസരം കണ്ണൂരിന് ലഭിക്കുന്നത് ആദ്യം. മുൻപ് 3 തവണയാണു കേരളത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നത്. എട്ടാം കോൺഗ്രസിന് കൊച്ചിയും 13ാം കോൺഗ്രസിന് തിരുവനന്തപുരവും 20ാം പാർട്ടി കോൺഗ്രസിനു കോഴിക്കോടും വേദിയായി. 1968 ഡിസംബർ 23 മുതൽ 29 വരെയായിരുന്നു എട്ടാം പാർട്ടി കോൺഗ്രസ്.1988ൽ ആയിരുന്നു 13ാം പാർട്ടി കോൺഗ്രസ്. 20ാം പാർട്ടി കോൺഗ്രസ് 2012 ഏപ്രിൽ 4 മുതൽ 9 വരെയായിരുന്നു.

സിപിഎമ്മിന്റെ പിറവി

സിപിഎം  രൂപീകരിക്കപ്പെടുന്നത് 1964-ൽ ആ. 1939 ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി നിലവിൽ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനം ഒളിവിലായിരുന്നു. സിപിഐയിലെ  പിളർപ്പാണ് സിപിഎം രൂപീകരണത്തിന് ഇടയാക്കിയത്. പിളർപ്പിനു ശേഷം ഒരു വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടെയും  മറു വിഭാഗം ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടെയും പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം സ്വീകരിച്ച വിഭാഗമാണ് സിപിഎം.

1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് നടന്ന നാലാം പാർട്ടി കോൺഗ്രസിലാണ് വിഭാഗീയത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സമ്മേളനത്തിൽ  ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. പ്രമേയത്തെ പിന്തുണച്ച കെ. ദാമോദരൻ, എൻ.ഇ. ബാലറാം, ടി.സി. നാരായണൻ നമ്പ്യാർ, പി.ആർ. നമ്പ്യാർ തുടങ്ങിയവർ മലബാർ കമ്മിറ്റിയിൽ നിന്നു രാജി വച്ചെങ്കിലും അതു തെറ്റാണെന്ന് കേന്ദ്ര എക്സിക്യൂട്ടീവ് വിധിയെഴുതി. 1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ നടന്ന ആറാം പാർട്ടി കോൺഗ്രസിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കുവരെ എത്തി.

1962ൽ അന്നത്തെ സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് അന്തരിച്ചതോടെ ഇഎംഎസ് നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായി.  എസ്.എ. ഡാങ്കെക്ക്  ചെയർമാൻ എന്നൊരു പദവിയും നൽകി. ഇഎംഎസും ഡാങ്കെയും രണ്ടു വിഭാഗങ്ങളെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിനിധീകരിച്ചിരുന്നത്. അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെ  1964 ഏപ്രിൽ 11-ന് നടന്ന നാഷനൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇഎംഎസും നായനാരും വി.എസ്.അച്യുതാനന്ദനും ഉൾപ്പെടെ 32 അംഗങ്ങൾ ഇറങ്ങിപ്പോയി. ഈ നേതാക്കൾ ആന്ധ്രാപ്രദേശിലെ തെന്നാലിയിൽ  കൺവൻഷൻ വിളിച്ചു കൂട്ടുകയും അതിൽ പാർട്ടി കോൺഗ്രസ് കൊൽക്കത്തയിൽ  നടത്താൻ തീരുമാനിക്കുകയും ചെയ്തു. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൊൽക്കത്തയിൽ സിപിഎം  പാർട്ടി കോൺഗ്രസ് ചേർന്നു. സിപിഐ മുംബൈയിലും.

എകെജി മുതൽ കോടിയേരി വരെ

kannur-cpm-party-secretarys

കണ്ണൂരിൽ നിന്നു സിപിഎം പൊളിറ്റ്ബ്യൂറോയിൽ എത്തിയവർ 4 പേരാണ്. എകെജി സിപിഎം പൊളിറ്റ് ബ്യൂറോയുടെ തുടക്കം തൊട്ട് ഒൻപതാം പാർട്ടി കോൺഗ്രസ് വരെ അംഗമായിരുന്നു. പിന്നീട് 1992ൽ ആ പദവിയിൽ എത്തിയത് ഇ.കെ.നായനാരാണ്. 2002ൽ പിണറായി വിജയനും പിബിയിലെത്തി.19ാം പാർട്ടി കോൺഗ്രസിലാണു കോടിയേരി ബാലകൃഷ്ണൻ പൊളിറ്റ്ബ്യൂറോയിൽ വരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com