അത്തിക്കണ്ടത്തിലെ ഭക്ഷ്യവിഷബാധ കാരണം നോറ വൈറസും ഷിഗെല്ല ബാക്ടീരിയയും
Mail This Article
മണത്തണ∙ കണിച്ചാർ പഞ്ചായത്തിലെ അത്തിക്കണ്ടത്തിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയും നോറ വൈറസുമാണെണ് കണ്ടെത്തി. അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിൽ പങ്കെടുത്തവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത്.
24നും 25നുമായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ 220ൽ അധികം പേരും സ്വകാര്യ ആശുപത്രികളിൽ അറുപതിലധികം പേരും ചികിത്സ തേടിയിരുന്നു.
ഗുരുതരമായി ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട 13 പേരെ അഡ്മിറ്റ് ചെയ്തിരുന്നു.ഇവരിൽ 6 പേരിൽ നടത്തിയ വിശദമായ പരിശോധനയിലും ഷിഗെല്ലയും നോറയും ബാധിച്ചതായി കണ്ടെത്തിയത്.
മലിനജലത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ആയിരിക്കാം രോഗബാധ ഉണ്ടായതെന്ന് കണക്കാക്കുന്നു. ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്.
കൂടുതലും കുട്ടികളിലാണ് വിഷബാധ കണ്ടെത്തിയത്. ഉത്സവസ്ഥലത്ത് നിന്ന് ഐസ്ക്രീം കഴിച്ചതാകാം വിഷബാധയ്ക്ക് കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
ഐസ്ക്രീം കഴിക്കാത്തവരിലും വിഷബാധ ഉണ്ടായതായി കണ്ടെത്തിയതോടെയാണു വിശദമായ പരിശോധന നടത്തിയത്.