ADVERTISEMENT

ആലക്കോട് ∙ മഴ കനത്തതിനെത്തുടർന്നു കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ കർണാടക വനാതിർത്തിയിലുള്ള കർഷകർ ആശങ്കയിലായി. ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മാമ്പൊയിലിലെ കൃഷിയിടങ്ങളിലാണു കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞദിവസം മാമ്പൊയിലിലെ നെടുംപതാൽ ജോയി, നിരപ്പേൽ മാത്യു, നെടുംപതാൽ ബെന്നി എന്നിവരുടെ കൃഷിയിടങ്ങളിൽ കയറി കാട്ടാനക്കൂട്ടം നാശം വിതച്ചിരുന്നു. വീടിനടുത്തുവരെ എത്തിയ കാട്ടാനകൾ ഭീതി പരത്തി. ഓരോ വർഷവും മഴ തുടങ്ങുമ്പോഴാണ് കാട്ടാന ശല്യം വർധിക്കുന്നത്. വനാതിർത്തിയിലും അതിനോടു ചേർന്ന പ്രദേശങ്ങളായ ചീക്കാട്, മുരിക്കടവ്, മുട്ടത്താംവയൽ, അരിവിളഞ്ഞപൊയിൽ, മണ്ണാത്തിക്കുണ്ട്, ചേന്നാട്ടുകൊല്ലി എന്നിവിടങ്ങളിലുമാണു കാട്ടാനശല്യമുണ്ടാകുന്നത്. ഓരോ വർഷവും കാട്ടാനക്കൂട്ടം ഏക്കർ കണക്കിനുള്ള ഭൂമിയിലെ കൃഷികളാണു നശിപ്പിക്കുന്നത്.

മാമ്പൊയിലിനു സമീപം കർണാടക വനാതിർത്തിയിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടം.
മാമ്പൊയിലിനു സമീപം കർണാടക വനാതിർത്തിയിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടം.

വേനൽക്കാലത്ത് കാട്ടാന ശല്യം ഉണ്ടാകാറുണ്ടെങ്കിലും മഴക്കാലത്താണു രൂക്ഷമാകുന്നത്. കൃഷികൾ പുഷ്ടിക്കുന്നതാണ് ഇതിനു കാരണം. തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള കൃഷികളാണു നശിപ്പിക്കുന്നത്. അതേസമയം, വനാതിർത്തിയിൽ ഏറിയ ഭാഗത്തും സോളർവേലി നിർമിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും പ്രവർത്തനരഹിതമായി കിടക്കുകയാണ്. ചില ഭാഗങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഉദയഗിരി പഞ്ചായത്തിൽ 12 കിലോമീറ്റർ വൈദ്യുതവേലി നിർമിക്കേണ്ടയിടത്ത് 8.5 കിലോമീറ്റർ മാത്രമേ സോളർവേലിയുള്ളൂ.

kannur-farmers
മാമ്പൊയിലിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ കേരള കോൺഗ്രസ് (എം) നേതാക്കൾ സന്ദർശിക്കുന്നു.

പാറക്കൂട്ടങ്ങളോടു ചേർന്നുള്ള ഭാഗങ്ങളിലും മറ്റുമാണ് വേലി നിർമിക്കാത്തത്. ഒരു പതിറ്റാണ്ടു മുൻപാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ സോളർവേലി നിർമിച്ചത്. കുറച്ചുകാലം നന്നായി പ്രവർത്തിച്ചുവെങ്കിലും പിന്നീട് വേലി കാടുകയറി നശിക്കുന്ന അവസ്ഥയാണ്. സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെയാണ് സോളർവേലി സ്ഥാപിച്ചത്. എന്നാൽ, ഏക്കർ കണക്കിനു ഭൂമിയുള്ളവർ കാട് യഥാസമയം വൃത്തിയാക്കാൻ തയാറാകുന്നില്ല. കാടുമൂടിയതോടെയാണ് ഷോർട്സർക്യൂട്ട് മൂലം സോളർവേലി പ്രവർത്തനരഹിതമായത്.

ഉത്തരവാദിത്തം വനംവകുപ്പിന്: കേരള കോൺഗ്രസ് (എം)

ഉദയഗിരി ∙ പഞ്ചായത്തിലെ മാമ്പൊയിലിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം വനംവകുപ്പിനു മാത്രമാണെന്ന് കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ പറഞ്ഞു. ജനവാസ മേഖലകൾക്ക് സമീപം കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താൻ വനപാലകർ യാതൊന്നും ചെയ്തില്ല. വനാതിർത്തി പ്രദേശങ്ങളിൽ ദുരന്തങ്ങൾ സംഭവിച്ചു കഴിയുമ്പോൾ മാത്രമാണു വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത്. വന്യജീവികളെ തുരത്താനോ പ്രതിരോധിക്കാനോ ശ്രമിക്കുന്ന നാട്ടുകാർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ഇക്കാരണത്താൽ വന്യമൃഗങ്ങളെയും വനപാലകരെയും ഒരുപോലെ ഭയന്നാണു കർഷകർ ജീവിക്കുന്നത്. 

നിലവാരമില്ലാത്ത ബാറ്ററികൾ ഉപയോഗിക്കുന്നതിനാലും യഥാസമയം അവ ചാർജ് ചെയ്യാത്തതിനാലും വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളർവേലികൾ നോക്കുകുത്തികളാണ്. പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശമാണു മാമ്പൊയിലിൽ ഉണ്ടായിരിക്കുന്നത്. കർഷകർക്ക് വനംവകുപ്പ് അടിയന്തര നഷ്ടപരിഹാരത്തുക നൽകണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ പാർട്ടി പ്രതിനിധി സംഘം സന്ദർശിച്ചു. ജോയി കൊന്നയ്ക്കലിനു പുറമേ സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ജില്ലാ സെക്രട്ടറി കെ.ടി.സുരേഷ് കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, പഞ്ചായത്ത് അംഗം സിജോ ജോർജ്, ജോയി പള്ളിപ്പറമ്പിൽ, തോമസ് ഇടക്കരകണ്ടം, റെജി പൈകട, ജോബി പാറയിൽ എന്നിവരുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com