വീണ്ടും കാട്ടാനക്കലി
Mail This Article
ഇരിട്ടി∙ ആറളം പറമ്പത്തെക്കണ്ടി മേഖലയിൽ കാട്ടാനകൾ ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കി. കണ്ണൻ, ഗോപി എന്നിവരുടെ തെങ്ങുകളും കുലയ്ക്കാറായ വാഴകളും നശിപ്പിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളർ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒഴിവു വന്ന ചില ഭാഗങ്ങളിലൂടെയാണു ഫാം മേഖലയിൽ കാട്ടാനകൾ ഗ്രാമത്തിൽ എത്തുന്നത്. കഴിഞ്ഞ 4 ദിവസം ആയി ആനകൾ എത്തി കൃഷി നാശം വരുത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സോളർ തൂക്കുവേലി സ്ഥാപിച്ചതോടെ ഈ മേഖലയിൽ കാട്ടാന ശല്യം കുറഞ്ഞിരുന്നു. വേലി ഒഴിവ് വന്ന ഭാഗങ്ങൾ കണ്ടെത്തിയാണ് ഇപ്പോൾ ആനകളുടെ കടന്നുകയറ്റം.
പെരുവ ∙ കടൽകണ്ടം മലയിൽ ജനവാസ കേന്ദ്രങ്ങൾക്കു സമീപം ഇറങ്ങിയ ഒറ്റയാനെ നാട്ടുകാർ കണ്ണവം വനത്തിലേക്കു തന്നെ തുരത്തി. കാളംകണ്ടി മലയിലെ ചിറ്റേരി ചന്ദ്രിയുടെ കൃഷിയിടത്തിലാണ് ആന എത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരമാണു കൊമ്പൻ മേഖലയിലെത്തിയത്. ജനവാസ കേന്ദ്രത്തിൽ നിരന്തരമായി കാട്ടാനകളിറങ്ങുന്നതു പരിഭ്രാന്തി പരത്തുന്നുണ്ട്. കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിനോടു ചേർന്ന പെരുവ വാർഡിൽപെട്ട കടൽകണ്ടം, പറക്കാട്, ആക്കംമൂല, പാറക്കുണ്ട്, ആക്കംമൂല തുടങ്ങിയ ഭാഗങ്ങളിൽ കാട്ടാന ശല്യം ഉണ്ട്.