ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തു; മരണക്കെണിയായി ചൂട്ടാട്–പാലക്കോട് കടപ്പുറത്തെ മണൽത്തിട്ട
Mail This Article
പഴയങ്ങാടി ∙ മത്സ്യത്തൊഴിലാളികളുടെ മരണക്കെണി ആവുകയാണ് ചൂട്ടാട് പാലക്കോട് കടപ്പുറത്തെ മണൽത്തിട്ട. ഏറ്റവും ഒടുവിൽ ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളി കൊക്കൻ മണ്ഡലിന്റെ ജീവനാണു നഷ്ടമായത്. മണൽത്തിട്ടയിൽ ഇടിച്ച് വളളം മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. കടലാക്രമണ സമയത്ത് ഇവിടെയുളള മണൽത്തിട്ട നീക്കണമെന്നു റവന്യു അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ, മണൽത്തിട്ട മാറ്റാൻ നടപടി ഉണ്ടായില്ല.
2 ദിവസത്തിനുളളിൽ നാലാമത്തെ അപകടമാണിത്. ബാക്കി 3 അപകടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കു പരുക്കേറ്റിരുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ സമയത്തുതന്നെ മത്സ്യത്തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞത് മറ്റ് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മണൽത്തിട്ട നീക്കം ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇനിയും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമാകുന്നത് ഒഴിവാക്കാൻ അധികൃതർ കണ്ണ് തുറന്നേ പറ്റൂ.