തീരദേശ ഹൈവേ സർവേ: പുതിയങ്ങാടിയിൽ പ്രതിഷേധം
Mail This Article
പുതിയങ്ങാടി∙ തീരദേശഹൈവേ സർവേയുമായി പുതിയങ്ങാടിയിലെത്തിയ സർവേ സംഘത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ സർവേ കല്ല് സ്ഥാപിച്ച് വിവരശേഖരണം നടത്തിയ സർവേ സംഘത്തിന് എതിരെയാണു പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണു സംഭവം. 15 മീറ്റർ വീതിയും ഒരു മീറ്റർ ഫുട്പാത്തും ഉളള തീരദേശ ഹൈവേ പദ്ധതിക്കാണ് സർവേ നടത്തുന്നത്.ജനപ്രതിനിധികളെയും തീരദേശവാസികളെയും അറിയിക്കാതെ ആയിരുന്നു സർവേ. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. പുതിയങ്ങാടിയിലെ പ്രധാന റോഡിലൂടെ തീരദേശ ഹൈവേ വരുമ്പോൾ.
നൂറുകണക്കിന് വീടുകൾ ഉൾപ്പെടെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ പുതിയങ്ങാടിയിൽ അടുത്തിടെ മന്ത്രി സജി ചെറിയാൻ പങ്കെടുത്ത തീരസദസ്സിൽ തീരദേശ ഹൈവേ വരുന്നതിന്റെ ആശങ്ക നാട്ടുകാർ മന്ത്രിയെ അറിയിച്ചിരുന്നു. ജനപ്രതിനിധികൾ, തീരദേശവാസികൾ എന്നിവരുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നു മന്ത്രി അറിയിച്ചിരുന്നു.
എന്നാൽ യാതൊരു ചർച്ചകളും നടത്താതെയാണ് അതീവ രഹസ്യമായി സ്വകാര്യ ഏജൻസിയെ കൊണ്ട് സർവേ നടത്തിയത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പഞ്ചായത്തംഗം സമദ് ചൂട്ടാട്, പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് ചൂട്ടാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവം അറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തിയിരുന്നു.