തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നു
Mail This Article
തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ കോടികൾ ചെലവഴിച്ചുള്ള പ്രവൃത്തികൾ പുരോഗമിക്കുമ്പോഴും സ്റ്റേഷൻ പരിസരത്ത് രോഗപ്പകർച്ചയ്ക്കിടയാക്കും വിധത്തിൽ വർഷങ്ങളായി കെട്ടിനിൽക്കുന്ന മലിനജലം ഒഴിവാക്കാൻ നടപടികളൊന്നുമില്ല. ഗുഡ്സ്ഷെഡ്–കുയ്യാലി റോഡിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള വടക്കുഭാഗത്തെ പ്രവേശന കവാടത്തിലെ കലുങ്കിന് സമീപത്തെ കാഴ്ച കണ്ടാൽ അറപ്പു തോന്നും.
കുയ്യാലി, കൊടുവള്ളി ഭാഗത്ത് നിന്ന് വാഹനങ്ങളിൽ സ്റ്റേഷനിലേക്ക് വരുന്ന ആയിരക്കണക്കിനാളുകളാണ് നിത്യവും ഇതുവഴി കടന്നുപോവുന്നത്. ഇവിടെയുള്ള കലുങ്കിനടിയിൽ മണ്ണ് നിറഞ്ഞു വെള്ളം ഒഴുകാതെ കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനകത്ത് കൊതുക് പെറ്റുപെരുകി. ഇതിനകത്ത് നിന്ന് ദുർഗന്ധവും വമിക്കുന്നു.
യാത്രക്കാർക്ക് ശുചിത്വവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്ന റെയിൽവേ സ്ഥലത്താണ് അത്യന്തം വൃത്തിഹീനമായ കാഴ്ച. മുൻകാലങ്ങളിൽ ചില സന്നദ്ധ സംഘടനകൾ ഇവിടെ വൃത്തിയാക്കാറുണ്ടായിരുന്നു ഇപ്പോൾ അതെല്ലാം നിലച്ചു.വലിയ പ്രഖ്യാപനങ്ങൾക്കിടയിലും ഇത്തരം ചെറിയ കാര്യങ്ങൾ നിർവഹിച്ചാൽ ഇവിടെയെത്തുന്ന യാത്രക്കാരെ രോഗത്തിൽ നിന്ന് രക്ഷപ്പെടുത്താനാവും.