കോടിയേരിയെ അനുസ്മരിച്ച് സിപിഎം
Mail This Article
കണ്ണൂർ ∙ സിപിഎമ്മിനെതിരെ കടന്നാക്രമണം നടക്കുന്ന സമയമാണ് ഇതെന്നും അതിനെ അഭിമുഖീകരിക്കാൻ കോടിയേരി ഇല്ലല്ലോയെന്ന തീരാദുഖമാണു കേരളത്തിലെ പാർട്ടി അനുഭവിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഏതു സങ്കീർണമായ പ്രശ്നങ്ങളെയും ദിശാബോധത്തോടെ ഫലപ്രദമായി അതിജീവിക്കാൻ കോടിയേരിക്കു കഴിഞ്ഞിരുന്നു. എല്ലാകഴിവും ശേഷിയും പാർട്ടിക്കു സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പാർട്ടിക്ക് അന്യമായി സ്വകാര്യമായ ഒരു കാര്യവും കോടിയേരിക്ക് ഉണ്ടായിരുന്നില്ലെന്നും ഗോവിന്ദൻ അനുസ്മരിച്ചു. പയ്യാമ്പലത്ത് കോടിയേരിയുടെ സ്മരണയ്ക്കായി നിർമിച്ച സ്തൂപം അനാഛാദനം ചെയ്യുകയായിരുന്നു ഗോവിന്ദൻ. സ്തൂപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
കോടിയേരി അനുസ്മരണത്തോട് അനുബന്ധിച്ചു തലശ്ശേരിയിലും തളിപ്പറമ്പിലും വൊളന്റിയർ മാർച്ചും പൊതുസമ്മേളനവും നടത്തി. തലശ്ശേരിയിൽ കോടിയേരി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏതു സംസ്ഥാനത്തും മണിപ്പുർ ആവർത്തിക്കാമെന്ന് എം.വി.ഗോവിന്ദൻ തളിപ്പറമ്പിൽ കോടിയേരി അനുസ്മരണം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
പയ്യാമ്പലത്ത് നടന്ന കോടിയേരി അനുസ്മരണ ചടങ്ങിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന സമിതി അംഗം പി.ജയരാജൻ, വി.ശിവദാസൻ എംപി, കെ.പി.സഹദേവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, പി.ശശി, എം.പ്രകാശൻ, കോടിയേരിയുടെ ഭാര്യ എസ്.ആർ.വിനോദിനി, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഉൾപ്പെടെ ബന്ധുക്കളും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തലശ്ശേരിയിലെ ചടങ്ങിൽ പങ്കെടുത്തു.