ADVERTISEMENT

കളിക്കളങ്ങൾ ഇല്ലാത്തതിന്റെ പരിമിതികൾ ചർച്ചയാകുമ്പോഴും ഉള്ളവ നശിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾ ചുറ്റും കാണാം. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയവും കക്കാട്ടെ നീന്തൽകുളവും ഇവയിൽ പ്രധാനപ്പെട്ടവയാണ്.

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, അന്ന്

2015ൽ ദേശീയ ഗെയിംസിനു കണ്ണൂരും വേദിയായപ്പോൾ ലഭിച്ചതാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം. രാജ്യാന്തര നിലവാരത്തിൽ 60 മീറ്റർ നീളവും 45 മീറ്റർ വീതിയിലുമുള്ള കോർട്ട്. വിദേശ നിർമിത വുഡൻ ഫ്ലോറിങ്. ഗാലറിയിൽ 3,000 പേർക്കിരുന്നു കളി കാണാം. സ്റ്റേഡിയത്തിന്റെ നിർമാണ ചെലവ് 41 കോടി.

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, ഇന്ന്

ഇപ്പോൾ ഫ്ലോറിങ് പലയിടത്തും പൊട്ടിപ്പൊളി‍ഞ്ഞു. അടിഭാഗം ചിതലരിച്ചു. ഇതോടെ കായിക താരങ്ങൾക്ക് പരുക്കേൽക്കുന്നതും പതിവ്. 35 ലക്ഷം ചെലവിട്ട് മേൽക്കൂര പല തവണ കായിക വകുപ്പ് അറ്റകുറ്റപ്പണി ചെയ്തെങ്കിലും ചോർച്ച ബാക്കി. ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച വുഡൻ ഫ്ലോറിങ് നശിക്കാൻ ഇടയാക്കിയതും ഈ ചോർച്ചയാണ്. സ്റ്റേഡിയത്തോടു ചേർന്ന് ലക്ഷങ്ങൾ മുടക്കി കായിക താരങ്ങൾക്കു വേണ്ടി പണിത വാം അപ് ഏരിയയുടെ മേൽ‌ക്കൂരയുടെ സീലിങ്ങും ലൈറ്റുകളും 2 തവണ തകർന്നു വീണു. നിലവിൽ ജില്ലാ സ്പോർട്സ് കൗൺസിലിനാണ് മേൽനോട്ട ചുമതല.

പണിതിട്ടും പണിതിട്ടും തീരാതെ

നീണ്ടുനോക്കി പാലം പണിക്കുള്ള ഉൽപന്നങ്ങൾ കൂട്ടിയിട്ട കൊട്ടിയൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം.
നീണ്ടുനോക്കി പാലം പണിക്കുള്ള ഉൽപന്നങ്ങൾ കൂട്ടിയിട്ട കൊട്ടിയൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം.

ഹാൻഡ് ബോൾ എന്നു കേട്ടാൽ ഓർമയിലെത്തുക വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിനെയാണ്. ഇവിടെ മുൻ എംഎൽഎ സി.കൃഷ്ണൻ 2015ൽ ഒന്നര കോടി വകയിരുത്തി അനുവദിച്ച ഇൻഡോർ സ്റ്റേഡിയം 8 വർഷമായിട്ടും പൂർത്തിയായിട്ടില്ല. നിർമാണത്തിനിടെ 2017ൽ ബീം തകർന്ന് വീണതാണ് പ്രവൃത്തി നീളാൻ കാരണം. ടി.ഐ.മധുസൂദനൻ ഇടപെട്ട് മൂന്നു കോടി രൂപ കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഇനിയെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് നാട്.

കൊട്ടിയൂർ പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിൽ ജിമ്മി ജോർജ് ഉൾപ്പെടെ കളിച്ചു വളർന്നവർ ഒട്ടേറെ. ഇന്നവിടെ പാലം പണിക്കുള്ള മെറ്റലും ജില്ലിയും കമ്പിയും കൂട്ടിയിട്ടിരിക്കുകയാണ്. വോളിബോളും ഷട്ടിലും ക്രിക്കറ്റും കളിച്ചിരുന്ന ഗ്രൗണ്ട് മാലിന്യമയമാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും കാണാം. കേളകം മഞ്ഞളാംപുറത്ത് 2015ൽ അത്യാധുനിക ബാസ്കറ്റ് ബോൾ കോർട്ട് നിർമിച്ചിരുന്നു. ഉദ്ഘാടനം ചെയ്യുന്നതിനായി മന്ത്രി എറി‍ഞ്ഞ ഒരൊറ്റ ബോൾ മാത്രമാണ് 8 വർഷത്തിനിടെ ആ ബാസ്കറ്റിൽ വീണത് !

പുഴയിൽ നീന്തൽക്കുളം, അന്ന്

കക്കാട് നീന്തൽക്കുളം.
കക്കാട് നീന്തൽക്കുളം.

ഒരു കോടി രൂപയ്ക്കു മേൽ ചെലവഴിച്ച് പുഴയിൽ നീന്തൽക്കുളം നിർമിച്ചും ‘മാതൃക’ കാട്ടി അധികൃതർ. സംസ്ഥാന യുവജന കായിക മന്ത്രാലയവും സ്പോർട്സ് കൗൺസിലും ചേർന്നു കക്കാട്ട് നിർമിച്ച നീന്തൽക്കുളം 2018 മേയിലാണു തുറന്നത്. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ളതാണ് കുളം. 5 ട്രാക്കുണ്ട്. രാത്രിയിലും നീന്തൽ പരിശീലനം നടത്താനാകുമായിരുന്നു. 

പുഴയിൽ നീന്തൽക്കുളം, ഇന്ന്

പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളെ തുടർന്ന് അടച്ച നീന്തൽക്കുളം കോംപ്ലക്സ് പിന്നീട് തുറന്നില്ല. പരിപാലനവും അറ്റകുറ്റപ്പണിയും ഇല്ലാതായതോടെ കുളത്തിനു ചുറ്റും നിർമിച്ച ഇരുമ്പ് വേലി തുരുമ്പെടുത്ത് ദ്രവിച്ചു. വിളക്ക് തൂണുകളും തകർന്നു. ചുറ്റും കാട് പടർന്നു. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ് ഇവിടം. തെരുവുനായ്ക്കളും നാൽക്കാലികളും പാർക്കുന്നു. നീന്തൽക്കുളത്തിലേക്ക്, കക്കാട് പുഴയിൽ നിന്ന്​ വെള്ളം കയറുന്നതാണ് പ്രധാന പ്രശ്നം. വെള്ളം കയറി കുളത്തിലെ യന്ത്ര സാമഗ്രികൾക്ക് അടക്കം തകരാറ്​ സംഭവിച്ചു. 

കക്കാട് നീന്തൽക്കുളത്തിന്റെ പ്രശ്നങ്ങൾ സ്പോർട്സ് ഡയറക്ടറേറ്റ് പരിശോധിച്ചിട്ടുണ്ടെന്നും ഏതാണ്ട് മൂന്നു കോടി രൂപ ചെലവിട്ട് പുനർനിർമാണം നടത്തുമെന്നും അറിയുന്നു. എങ്കിലിത് മറ്റൊരു വൻ അഴിമതിയിലേക്കുള്ള വഴിയാണെന്നാണ് കായിക പ്രേമികൾ ആരോപിക്കുന്നത്.

ബോവിക്കാനത്ത് സ്റ്റേഡിയത്തിന്റെ പവിലിയൻ തകർന്നിട്ട് വർഷങ്ങൾ
മുളിയാർ, കാറഡുക്ക, ദേലംപാടി, ബെള്ളൂർ പഞ്ചായത്തുകളിൽ ഓരോ മിനി സ്റ്റേഡിയങ്ങളുണ്ട്. മുളിയാറിലേത് ബോവിക്കാനത്തും കാറഡുക്കയിലേതു പൂവടുക്കയിലും ബെള്ളൂരിലേതു കിന്നിങ്കാറിലും ദേലംപാടി പഞ്ചായത്തിലേത് ദേലംപാടിയിലുമാണ്. ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി സ്കൂളിനോടു ചേർന്നാണ് മുളിയാറിലെ മൗലാനാ അബുൽ കലാം ആസാദ് മിനി സ്റ്റേഡിയം. സ്കൂൾ ഗ്രൗണ്ടായും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ പവിലിയനും ഇരിപ്പിടങ്ങളും തകർന്നിട്ടു വർഷങ്ങളായെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല.  പൂവടുക്കയിലെയും ദേലംപാടിയിലെയും ഗ്രൗണ്ടുകൾ ചെറുതായതിനാൽ അത്‍ലറ്റിക്സ് മത്സരങ്ങൾ നടത്താനുള്ള സൗകര്യമില്ല.  കിന്നിങ്കാറിലേതു നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഒരു മത്സരംപോലും നടക്കാതെ
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപം കാടുമൂടിയ നിലയിൽ ടെന്നിസ് കോർട്ടുണ്ട്. 68 ലക്ഷം രൂപ മുടക്കി 2015–16ൽ എംപി ഫണ്ട് ഉപയോഗിച്ചാണ് ടെന്നിസ് കോർട്ട് നിർമിച്ചത്. 2016 ജൂലൈയിൽ നിർമാണം പൂർത്തിയായി. ഇന്നേ വരെ ഒരു മത്സരം പോലും നടന്നിട്ടില്ല. അരക്കോടിയിലേറെ വിലവരുന്ന 4 ഫ്രീ ഫാബ് മുറികളും ആർക്കും വേണ്ടാതെ കിടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com