കണ്ണൂരിന് പുതുനായകൻ; കലക്ടർ പദവി ഏറ്റെടുത്ത് അരുൺ കെ. വിജയൻ
Mail This Article
കണ്ണൂർ∙ മാതാപിതാക്കളുടെ മുന്നിൽ കലക്ടറുടെ ചുമതലയേറ്റ് അരുൺ കെ. വിജയൻ. 2016 ബാച്ച് ഐഎഎസുകാരനായ അരുൺ കെ.വിജയൻ ഇതാദ്യമായാണു മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചുമതലയേൽക്കുന്നത്. അച്ഛൻ കെ.പി. വിജയൻ, അമ്മ ടി.ജെ. ജയശ്രീ, ഭാര്യ സെൽവിൻ ജിഹാൻ, മകൻ അർമാൻ, അമ്മാവൻ ജയപ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ അദ്ദേഹം ചുമതലയേറ്റത്.
‘സർക്കാർ ജീവനക്കാരായിരുന്ന മാതാപിതാക്കളാണു സിവിൽ സർവീസിലേക്കുള്ള എന്റെ പ്രചോദനം. പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന തസ്തികയിൽ ചുമതലയേൽക്കുന്നത് അവരുടെ മുന്നിൽ വച്ചാകുന്നതു നല്ലതാണെന്നു തോന്നി.’ അരുൺ കെ. വിജയൻ പറഞ്ഞു. സ്ഥലംമാറിപ്പോകുന്ന എസ്. ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
തൃശൂർ സ്വദേശിയായ അരുൺ കെ. വിജയൻ മലപ്പുറം അസിസ്റ്റന്റ് കലക്ടർ, കാസർകോട് സബ് കലക്ടർ, തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ഇംപാക്ട് കേരള എംഡി, അർബൻ അഫയേഴ്സ് ഡയറക്ടർ, അമൃത് മിഷൻ ഡയറക്ടർ, എൻട്രൻസ് എക്സാം കമ്മിഷണർ, സ്മാർട് സിറ്റി സിഇഒ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2012 ൽ ബിറ്റ്സ് പിലാനിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിടെക് ബിരുദവും 2018ൽ മസൂറി എൽബിഎസ്എൻഎഎ യിൽ നിന്ന് പബ്ലിക് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും നേടി.
നേരത്തെ പുതിയ കലക്ടറെ എഡിഎം കെ.കെ. ദിവാകരൻ, അസി. കലക്ടർ അനൂപ് ഗാർഗ്, ഡപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ ചേർന്നു സ്വീകരിച്ചു.
കലക്ടർ എസ്. ചന്ദ്രശേഖറിനു യാത്രയയപ്പു നൽകി
ചുമതലയൊഴിഞ്ഞ കലക്ടർ എസ്. ചന്ദ്രശേഖറിനു ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും യാത്രയയപ്പു നൽകി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
കലക്ടർ അരുൺ കെ. വിജയൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എം. കൃഷ്ണൻ, ആസൂത്രണ സമിതി സർക്കാർ നോമിനി കെ.വി. ഗോവിന്ദൻ, അസി. കലക്ടർ അനൂപ് ഗാർഗ്, എഡിഎം കെ.കെ. ദിവാകരൻ ,എസ്ജെഡി ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൽ ലത്തീഫ്, ജില്ലാ പ്ലാനിങ് ഓഫിസർ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.
ആവേശമുളവാക്കുന്ന ചുമതല: അരുൺ കെ. വിജയൻ
പുതിയ ചുമതല ആവേശമുളവാക്കുന്നു. ആദ്യമായാണു കണ്ണൂരിൽ ജോലി ചെയ്യുന്നതെങ്കിലും ജില്ലയെ കുറിച്ചു നല്ലതു മാത്രമാണു കേട്ടത്. ഇവിടത്തെ ജനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമെല്ലാം നേരത്തെ ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ നല്ല അഭിപ്രായമാണു പറഞ്ഞത്. എല്ലാ ജില്ലകളിലും തൊഴിൽപരമായ വെല്ലുവിളികൾ ഉണ്ടാകും. അത്തരം കാര്യങ്ങളിൽ പഠിച്ച് ആവശ്യമായ തീരുമാനമെടുക്കും. ടീം വർക്കിലൂടെ മുന്നോട്ടു പോകും. സർക്കാർ ഊന്നൽ നൽകുന്ന അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയ്ക്കു പ്രത്യേക പരിഗണന നൽകും. തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കും.
കണ്ണൂരിന് നന്ദി: എസ്. ചന്ദ്രശേഖർ
ഏറെ സ്നേഹവും സഹകരണവും നൽകിയ കണ്ണൂരിനു നന്ദി. സ്വന്തം നാട്ടിൽ ജോലി ചെയ്ത അനുഭവമായിരുന്നു. അസിസ്റ്റന്റ് കലക്ടർ, സബ് കലക്ടർ എന്നീ നിലകളിലും കണ്ണൂരിലുണ്ടായിരുന്നു. ജനപ്രതിനിധികൾ, മറ്റ് സംഘടനകൾ എന്നിവരിൽ നിന്നെല്ലാം മികച്ച സഹകരണമാണു ലഭിച്ചത്. സർക്കാരിൽ നിന്നു നല്ല പിന്തുണ കിട്ടി. എല്ലാ ഉദ്യോഗസ്ഥരും കൂട്ടായി പ്രവർത്തിച്ചു.