‘അരപ്രാണനും’ ‘മുക്കാൽ പ്രാണനും’ ചേർന്നു പണിത ബസ് ഷെൽറ്റർ; ആ കഥയിങ്ങനെ...
Mail This Article
പിണറായി∙ ബ്രദേഴ്സ് കോർണറിലെ മഹാനവമി ആഘോഷ കമ്മിറ്റിയുടെ ബസ് ഷെൽറ്ററിനു മാത്രമല്ല, അതു നിർമിച്ചവരിലുൾപ്പെട്ട കണ്ടോത്ത് രവീന്ദ്രനും എ.സതീശനും ഒരു കഥ പറയാനുണ്ട്. വർഷങ്ങൾക്കു മുൻപു നടന്നതാണ്. വിവരാവകാശ കമ്മിഷണറായിരുന്ന മുൻ ഡിജിപി വിൻസന്റ് എം.പോൾ അന്നു തലശ്ശേരി എഎസ്പി. രാത്രി പരിശോധനയ്ക്കിടെയാണ് അദ്ദേഹവും പൊലീസ് സംഘവും പിണറായിയിലെത്തിയത്. പാതിരാത്രി പിന്നിട്ടിട്ടും ഇരുപതോളം പേർ പണിയെടുക്കുന്നതു കണ്ടു പൊലീസ് വാഹനം നിർത്തി. മഹാനവമി ആഘോഷ കമ്മിറ്റി പ്രവർത്തകർ ശ്രമദാനമായി ബസ് ഷെൽട്ടർ നിർമിക്കുകയായിരുന്നു. അവർ, കട്ടൻ ചായയും കുഴച്ച അവലും കഴിക്കുന്നതും വിൻസന്റ് എം. പോൾ ശ്രദ്ധിച്ചു. പിറ്റേന്നു തന്നെ വന്നു കാണാൻ അവരോട് അദ്ദേഹം നിർദേശിച്ചു.
സംഘത്തിൽ പെട്ട കണ്ടോത്ത് രവീന്ദ്രൻ (65) രാവിലെ എഎസ്പിയുടെ ഓഫിസിലെത്തിയത് ആശങ്കയോടെയാണ്. പക്ഷേ, 1000 രൂപ രവീന്ദ്രനു നൽകി, ശ്രമദാനക്കാർക്കു ഭക്ഷണം വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞു. രാത്രി 12ന് മുൻപായി പണി നിർത്താനും വിൻസൻ എം.പോൾ നിർദേശിച്ചു. 1986ൽ, ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിക്കവെ, വിൻസൻ എം. പോൾ തന്നെ ഈ സംഭവം പരാമർശിച്ചു.
കണ്ടോത്ത് രവീന്ദ്രന്റെയും സതീശന്റെയും മെലിഞ്ഞ ശാരീരികാവസ്ഥയെ ചൂണ്ടിക്കാട്ടാൻ ‘അരപ്രാണനും മുക്കാൽ പ്രാണനു’മായ രണ്ടു പേർ കൂട്ടത്തിലുണ്ടായിരുന്നുവെന്നു തമാശരൂപേണ അദ്ദേഹം അന്നു പ്രസംഗത്തിൽ പരാമർശിച്ചു. പിന്നീടിങ്ങോട്ട് രവീന്ദ്രൻ ‘അരപ്രാണൻ’ എന്നതു വിളിപ്പേരായി സ്വീകരിച്ചു. വി.കെ. ചന്ദ്രൻ, കെ. രവീന്ദ്രൻ, മോഹനൻ, കെ. ദിനേശൻ, ചിറമ്മൽ ബാബു, ലതീഷ് ബാബു, ചിറമ്മൽ സതീശൻ, പത്മനാഭൻ, കെ. ജയൻ, കെ. രമേശൻ, കുനിയിൽ പ്രകാശൻ, വി. എൻ. ജയരാജൻ, ടി. സുധാകരൻ, അതിയേടത്ത് രാജൻ എന്നിവരും മഹാനവമി ബസ് സ്റ്റോപ് നിർമാണ ശ്രമദാനസംഘത്തിലുണ്ടായിരുന്നു.