പെരുമണ്ണിൽ അന്ന് വാഹനം ഇടിച്ചു മരിച്ചത് 10 വിദ്യാർഥികൾ; മൃതദേഹങ്ങൾ സംസ്കരിച്ചത് സൗജന്യമായി നൽകിയ സ്ഥലത്തും
Mail This Article
ഇരിക്കൂർ ∙ കണ്ണീർതോരാത്ത ഓർമകളുമായി വീണ്ടും ഡിസംബർ 4. പെരുമണ്ണ് ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 15 വയസ്സ്. 2008 ഡിസംബർ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സ്കൂൾ വിട്ട് സംസ്ഥാന പാതയ്ക്കരികിലൂടെ നടന്ന് പോകുകയായിരുന്ന പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ 10 വിദ്യാർഥികളാണ് വാഹനം ഇടിച്ചുകയറി മരിച്ചത്. 11 വിദ്യാർഥികൾക്ക് പരുക്കേറ്റു.
എ.സാന്ദ്ര, വി.പി.മിഥുന, എൻ.വൈഷ്ണവ്, കെ.നന്ദന, പി.റംഷാന, പി.വി.അനുശ്രീ, പി.വി.അഖിന, പി.സോന, പി.കെ.കാവ്യ, കെ.സഞ്ജന എന്നിവരാണ് മരിച്ചത്. എല്ലാവരും ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികൾ. അനുശ്രീയും അഖിനയും സഹോദരങ്ങളാണ്.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും സ്മൃതിമണ്ഡപം പണിയാൻ സൗകര്യം ഒരുക്കുകയും ചെയ്ത സി.വി.കൃഷ്ണ വാരിയരുടെ വിയോഗവും ഓർമപുതുക്കൽ വേളയിൽ നൊമ്പരമാണ്.
2018ൽ വാഹന ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുൽ കബീറിനെ തലശ്ശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
അനുസ്മരണപരിപാടി ഇന്ന്
രക്ഷിക്കാക്കളുടെയും പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിന്റെയും നേതൃത്വത്തിൽ സംസ്ഥാന പാതയോരത്തെ പെരുമണ്ണ് സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ പുഷ്പാർച്ചന നടക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും ഉണ്ട്.