ദേശീയപാതയ്ക്കായി പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കും ആൾമറയില്ലാത്ത കിണറും; പതിയിരിക്കുന്നത് അപകടം!
Mail This Article
എടക്കാട് ∙ ദേശീയപാതാ നിർമാണത്തിനു വേണ്ടി പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കും ആൾമറയില്ലാത്ത കിണറും പ്രദേശവാസികളെ ആശങ്കയിലാഴ്ത്താൻ തുടങ്ങിയിട്ടു ദിവസങ്ങളായി. എടക്കാട് ഇണ്ടേരി ക്ഷേത്രത്തിനു സമീപത്താണ് ഈ സ്ഥിതി. നിറയെ മലിനജലം കെട്ടിക്കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾ തകർന്നിട്ടുണ്ട്. കിണറ്റിൽ നിറയെ വെള്ളവുമുണ്ട്. നിലവിലെ റോഡിനു സമീപത്താണു സെപ്റ്റിക് ടാങ്കും കിണറുമുള്ളത്.
ദേശീയപാതയ്ക്കു വേണ്ടി മണ്ണിട്ടു നിരത്തിയ സ്ഥലത്താണു ടാങ്കും കിണറും ഉള്ളതെന്നതിനാൽ പെട്ടെന്നു കാണാനുമാകില്ല. ദേശീയപാതാ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മുൻപുണ്ടായിരുന്ന വഴികളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മണ്ണിട്ടു നിരത്തിയ സ്ഥലങ്ങളിലൂടെ വഴി നടക്കുന്നവർ ഏറെയാണ്. അപകടം മനസ്സിലാക്കിയ നാട്ടുകാർ ദേശീയപാതയുടെ പ്രവൃത്തി നടത്തുന്നവരോടു പരാതിപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ലഭിച്ചാലേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകൂ എന്നാണു മറുപടി. എടക്കാട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച രാത്രി സെപ്റ്റിക് ടാങ്കിനു സമീപത്തൂടെ നടന്നുപോയയാൾ പരിസരത്തുണ്ടായിരുന്നവർ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണു രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. സെപ്റ്റിക് ടാങ്ക് സ്ലാബുകൾ തകർന്നു തുറന്നു കിടക്കുന്നതായതിനാൽ മിക്ക സമയങ്ങളിലും അസഹനീയ ദുർഗന്ധമുണ്ട്. ഇതു സ്ഥലത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും വ്യാപകമാണ്. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ജനങ്ങൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പ്രാദേശിക സർക്കാരുകളുടെയും മറ്റും ശ്രദ്ധയിൽപെടുത്തുമ്പോൾ കേന്ദ്ര സർക്കാരാണു ദേശീയപാത നിർമിക്കുന്നതെന്നും ദേശീയപാത അതോറിറ്റിയോടു പരാതിപ്പെടണമെന്നുമാണു മറുപടിയെന്നു നാട്ടുകാർ പറയുന്നു.