ADVERTISEMENT

കണ്ണൂർ∙ പുലർച്ചെ 3.30ന് എഴുന്നേൽക്കണം. ഗ്രൗണ്ടിലെത്തണം. അവിടെയെത്തിയാൽ ആദ്യംതന്നെ പത്തു കിലോമീറ്റർ ഓട്ടമാണ്. പിന്നെയാണ് പരേഡിനായുള്ള പരിശീലനം. പരിശീലനത്തിനൊടുവിലേ അറിയാൻ കഴിയൂ, താൻ പരേഡിൽ പങ്കെടുക്കുമോ, അതോ റിസർവഡ് ഗ്രൂപ്പിലാകുമോ എന്ന്. ശാരീരികമായും  മാനസികമായും തളർന്നുപോകുന്ന സാഹചര്യങ്ങൾ പലപ്പോഴുമുണ്ടായി.

പക്ഷേ, അതൊന്നും ക്യാപ്റ്റൻ അമ്പിളി പരമേശ്വരനെ തളർത്തിയില്ല. ഓരോ അവസരവും പുതിയ പ്രതീക്ഷകളായിരുന്നു. അങ്ങനെ, റിപ്പബ്ലിക്ദിന പരേഡ് കാണാൻ കൊതിച്ച പെൺകുട്ടി തന്റെ മാതാപിതാക്കളെ സാക്ഷിനിർത്തി ഇത്തവണ പരേഡ് ഗ്രൗണ്ടിലിറങ്ങി.

75ാമത് റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തു ജില്ലയ്ക്ക് അഭിമാനമായി. ‘നാരിശക്തി’യെ പ്രതിനിധീകരിച്ചു ചെയ്തു സായുധസേനയുടെ വനിതാ ഓഫിസർമാർ മാത്രം പങ്കെടുത്ത ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് കണ്ടിജൻസിയിലാണ് അമ്പിളിയും ഉൾപ്പെട്ടത്. സെപ്റ്റംബറിലാണ് 164 പേരുടെ പരിശീലനം തുടങ്ങിയത്. ലക്നൗവിലും ഡൽഹിയിലുമായി അഞ്ചുമാസം നീണ്ട കഠിന പരിശീലനത്തിനുശേഷമാണ് അമ്പിളി മേജർ സൃഷ്ടി ഖുള്ളർ നയിച്ച 144 വനിതാ ഓഫിസർമാരുടെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് കണ്ടിജന്റിൽ ഉൾപ്പെട്ടത്. 

‘ചെറുപ്പംമുതലേ ആർമിയിൽ ചേരണമെന്നായിരുന്നു ആഗ്രഹം. കണ്ണൂർ ചെണ്ടയാട് നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. പ്ലസ്ടു കഴിഞ്ഞതോടെ മിലിറ്ററി നഴ്സിങ് സർവീസ് പരീക്ഷയ്ക്കായി തയാറെടുപ്പ് തുടങ്ങി. ബെംഗളൂരുവിലെ കമാന്റ് (എയർഫോഴ്സ്) ആശുപത്രിയിലായിരുന്നു 4 വർഷത്തെ പരിശീലനം.

വീട്ടിൽ നിന്ന് ആദ്യമായാണ് ആർമിയിലേക്ക് ഒരാളെത്തുന്നത്. 2021ൽ ലഫ്റ്റനന്റ് റാങ്കിൽ കമ്മിഷൻഡ് ഓഫിസറായി. ഇപ്പോൾ ക്യാപ്റ്റനാണ്. ശ്രീനഗർ 92 ബേസ് ആശുപത്രിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്’, അമ്പിളി പറഞ്ഞു.  മട്ടന്നൂർ മരുതായി പുതിയ മഠം പരമേശ്വരനും താഴേമഠത്തിൽ ധനലക്ഷ്മിയുമാണു മാതാപിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com