മുൻവശത്തെ ചക്രം അഴിച്ചു മാറ്റി; ഒറ്റച്ചക്രം മതി, ഇന്ത്യ കാണാൻ
Mail This Article
ചിറ്റാരിപ്പറമ്പ് ∙ സൈക്കിളിന്റെ മുൻവശത്തെ ചക്രം അഴിച്ചു മാറ്റി ഒരു ചക്രം മാത്രമുള്ള സൈക്കിളിൽ ഓൾ ഇന്ത്യ ഹിമാലയൻ യാത്ര നടത്തുകയാണു ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി പി.പി.സനീത്. ലഹരിവിരുദ്ധ സന്ദേശവുമായാണ് സനീത് കന്യാകുമാരിയിൽ നിന്നു ഒറ്റച്ചക്രമുള്ള സൈക്കിളിൽ യാത്ര തിരിച്ചത്.
45 ദിവസം മുൻപ് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി. എൻജിനീയറിങ് ബിരുദധാരിയായ സനീത് 9 വർഷമായി സൈക്കിൾ സ്റ്റണ്ടും നാല് വർഷമായി ബൈക്ക് സ്റ്റണ്ടും അഭ്യസിക്കുന്നുണ്ട്. സൈക്കിളിന്റെ മുൻ ചക്രം അഴിച്ച് മാറ്റിയതുകൂടാതെ സീറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്.
ദിവസം 40 മുതൽ 50 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടുന്നുണ്ട്. ടെന്റ് കെട്ടിയാണു താമസം. സനീതിനൊപ്പം സാധാരണ സൈക്കിളിൽ ശ്രീകണ്ഠാപുരം കോട്ടൂർവയൽ സ്വദേശി സി.എച്ച്.താഹിർ, പാലക്കാട് പട്ടാമ്പി സ്വദേശി എൻ.എസ്.അഭിഷേക് എന്നിവരും യാത്ര നടത്തുന്നുണ്ട്.