കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
Mail This Article
കണ്ണൂർ∙കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനം ഇന്നു കണ്ണൂർ നായനാർ അക്കാദമിയിൽ തുടങ്ങും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക– കൊടിമര– ദീപശിഖ ജാഥകൾ പൊതുസമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പതാക ഉയർത്തി.
എൽ.മാഗി ക്യാപ്റ്റനായ കൊടിമര ജാഥ പയ്യന്നൂർ ആനന്ദ തീർഥ ആശ്രമത്തിൽ കെ.പി.സഹദേവനും, എ.കെ.ബീന ക്യാപ്റ്റനായ ദീപശിഖ ജാഥ തലശ്ശേരി ജവാഹർ ഘട്ടിൽ പി.ജയരാജനും, കെ.ബദറുന്നീസ ക്യാപ്റ്റനായ പതാക ജാഥ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ പി.ബാലനും ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ, ഡി.സുധീഷ്, കെ.ശശീന്ദ്രൻ, എ.കെ.ബീന, കെ.സി.മഹേഷ്, കെ.സി.സുധീർ, ടി.വി.രാജേഷ്, ടി.കെ.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം സംസ്ഥാന കൗൺസിൽ ചേരും. നാളെ രാവിലെ 11.30ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 9.30ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഭാഷണം നടത്തും.
വൈകിട്ട് 3ന് അധ്യാപകരുടെ പ്രകടനം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കും. തുടർന്ന് 4.15ന് കലക്ടറേറ്റ് മൈതാനിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10ന് എം.സ്വരാജ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2നുള്ള യാത്രയയപ്പ് സമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംഘടനയിലെ ഒരു ലക്ഷത്തിലേറെയുള്ള അധ്യാപകരെ പ്രതിനിധീകരിച്ച് 1000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ‘മതനിരപേക്ഷ വിദ്യാഭ്യാസം– ബഹുസ്വര ഇന്ത്യ– വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമ്മേളനം.