മാടായിപ്പാറയുടെ പ്രവേശന കവാടത്തിൽ മരാമത്ത് വകുപ്പിന് ആധുനിക റെസ്റ്റ് ഹൗസ്
Mail This Article
പഴയങ്ങാടി∙ മാടായിപ്പാറയുടെ പ്രവേശന കവാടത്തിൽ മരാമത്ത് വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് ആധുനിക റെസ്റ്റ് ഹൗസ് നിർമിക്കും. എം. വിജിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനായി 4 കോടി രൂപ അനുവദിച്ചു. പതിറ്റാണ്ടുകൾ പഴക്കമുളള, സായിപ്പ് നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് പൂർണമായും സംരക്ഷിച്ച് കൊണ്ടായിരിക്കും. പുതിയ റെസ്റ്റ് ഹൗസിന്റെ നിർമാണം. മാടായിപ്പാറയിലെ ടൂറിസ്റ്റ് ബംഗ്ലാവ് സഞ്ചാരികൾക്കും. എഴുത്തുകാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. പഴയങ്ങാടി ടൗണിന് അടുത്തായി ഉളള ഈ റെസ്റ്റ് ഹൗസ് മാടായിക്കാവിലെത്തുന്ന തീർഥാടകർക്കും ഏറെ പ്രിയപ്പെട്ടതാണ്.
അനന്തമായ സാധ്യതകൾ ഉളള ഈ ടൂറിസ്റ്റ് ബംഗ്ലാവിന്റെ നവീകരണത്തിന് മുൻകാലങ്ങളിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. ഇത് മലയാള മനോരമ വാർത്തയാക്കിയതോടെ സമീപകാലത്ത് അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഓൺലൈനായി ഇവിടെ താമസിക്കാൻ മുറി ബുക്ക് ചെയ്യാൻ സംവിധാനം ഒരുങ്ങിയതോടെ ഒട്ടേറെ ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഏഴിമലയിൽ നിന്നും മാടായിപ്പാറയിൽ നിന്നും വീശി വരുന്ന കാറ്റ് ഇവിടത്തെ പ്രത്യേകതയാണ്.
സൂര്യന്റെ ഉദയാസ്തമനങ്ങൾ ഇവിടെ നിന്ന് കാണാം. ഇതിനു സമീപത്താണ് മരാമത്ത് വകുപ്പ് ഓഫിസും പ്രവർത്തിക്കുന്നത്. മാടായിപ്പാറയിലെ മഴ ക്യാംപിനും പരിസ്ഥിതി ക്യാംപുകൾക്കും ഈ റെസ്റ്റ് ഹൗസിൽ നിന്നാണ് തുടക്കം കുറിക്കുന്നത്. നിലവിൽ പഴയങ്ങാടിയിലും പരിസരത്തും എത്തുന്ന സഞ്ചാരികൾക്കും തീർഥാടകർക്കും താമസിക്കാൻ നല്ല ഇടമില്ലാത്തത് വലിയ പോരായ്മയാണ്. മരാമത്ത് വകുപ്പിന്റെ പുതിയ റെസ്റ്റ് ഹൗസ് ടൂറിസം മേഖലയ്ക്കും പുത്തൻ ഉണർവേകും.