റെയിൽപാളം മുറിച്ചുകടന്ന് അപകടം വിളിച്ചുവരുത്തുന്നു
Mail This Article
തലശ്ശേരി ∙ പാളം മുറിച്ചുകടക്കരുതെന്ന റെയിൽവേ അധികൃതരുടെ മുന്നറിയിപ്പുകൾക്ക് പുല്ലുവില. നാട്ടുകാർ വ്യാപകമായി നിയമം ലംഘിച്ച് പാളംമുറിച്ചു കടക്കുന്നു. അപകടങ്ങളും ഏറുന്നു. കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാൻഡിലെ പച്ചക്കറി മാർക്കറ്റിന് പിന്നിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചതാണ് ഒടുവിലത്തെ സംഭവം. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ടൗൺഹാൾ ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയാണിത്. പാരലൽ കോളജുകളിൽ പോവുന്ന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ഇതുവഴി റെയിൽപാളം മുറിച്ചുകടന്നു യാത്ര ചെയ്യുന്നത്.
ട്രെയിനുകളുടെ എണ്ണത്തിൽ വർധനയുണ്ടാവുകയും വേഗം കൂട്ടുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം സ്ഥലങ്ങളിൽ അപകടം കൂടുന്നതായാണ് റെയിൽവേ അധികൃതരുടെ കണക്ക്. പാളം മുറിച്ചു കടക്കുന്നതിനെതിരെ ഇത്തരം സ്ഥലങ്ങളിൽ ആർപിഎഫ് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ധൃതിയിൽ എത്താനുള്ളവർ ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിക്കുകയാണ്. ഇരുഭാഗത്ത് നിന്നും ഒരേ സമയം ട്രെയിനുകൾ എത്തിയാൽ റെയിൽപാളത്തിൽ നിന്നു മാറുന്നതിനു മുൻപു തന്നെ അപകടത്തിൽപ്പെടും. ഇത്തരത്തിലാണ് ഏറെയും മരണം സംഭവിക്കുന്നത്.
നേരത്തെ 60 കി.മീ. വേഗതയിലാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ 120–130 കി.മീ. വേഗമാണ്. അനധികൃതമായി റയിൽപാളം മുറിച്ചു കടക്കുന്നവർക്ക് 500 രൂപ മുതൽ ആയിരം രൂപ വരെ പിഴയും 3 മാസം തടവുമാണു ശിക്ഷ. അപകടം കൂടുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടി ആരംഭിച്ചിരിക്കുകയാണ് ആർപിഎഫ്.