ഓട്ടോയിൽ നിന്നിറങ്ങിയ നാലു വയസ്സുകാരനെ എതിരെ വന്ന കാറിടിച്ചു; നിസ്സാര പരുക്ക്
Mail This Article
ഉരുവച്ചാൽ∙ഓട്ടോയിൽ നിന്ന് മാതാവിനോടൊപ്പം ഇറങ്ങിയ 4 വയസ്സുകാരനെ എതിരെ വന്ന കാർ ഇടിച്ചു. കുട്ടി നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. കയനി സ്കൂളിന് സമീപത്തെ വീടിന് മുന്നിൽ വൈകിട്ടാണ് സംഭവം. കയനിയിലെ പി.കെ.ഹൗസിൽ ഷമീറിന്റെ മകൻ മുഹമ്മദ് അബാൻ (4) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
കയനിയിലെ വീടിനു സമീപം മാതാവിന്റെ കൂടെ ഓട്ടോയിൽ നിന്ന് ഇറങ്ങിയ കുട്ടി ഓട്ടോയുടെ പിറകിലൂടെ റോഡിലേക്ക് നേരെ നടക്കുകയും എതിർ ഭാഗത്തു നിന്നു വന്ന കാറിൽ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. കാൽമുട്ടിന് ചെറിയ പരുക്കുണ്ട്. ഉടൻ തന്നെ മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സതേടി.
കുട്ടിയുടെ ഉമ്മ റഫീനയും ബന്ധുവും ഓട്ടോയുടെ പൈസ കൊടുക്കുന്നതിനിടെയാണ് കുട്ടി റോഡിലേക്കിറങ്ങി നടന്നത്. കുട്ടി നടന്നു നീങ്ങുന്നത് കൂടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പ്രചരിക്കുന്നുണ്ട്.