ഒരു പടയാളിയുടെ ഓർമ; പുതിയാറമ്പൻ ദൈവം ഒരു വീരപുരുഷന്റെ ദൈവിക രൂപം
Mail This Article
പയ്യന്നൂർ ∙ പുതിയാറമ്പൻ ദൈവം ഈ കഴകത്തിലെ പ്രധാന ആരാധന ദേവന്മാരിൽ ഒന്നാണ്. ഈ ദേവന്റെ പുരാവൃത്തം കരിപ്പത്തു തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വീര കഥാപുരുഷന്റെ ദൈവിക രൂപമാണിത്. വീരമൃത്യു വരിച്ച് അദ്ഭുതങ്ങൾ കാണിച്ച മണിയാണിയായ ഒരു വീരാത്മാവിന്റെ ദേവസങ്കൽപം. ഈ ദേവചൈതന്യം ക്ഷേത്രത്തിനകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. പുതിയാറമ്പൻ ദൈവത്തെപ്പറ്റിയുള്ള പുരാവൃത്തം പഴയ താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും ശേഖരിച്ചതാണ്.
ചിറക്കൽ പുതിയാപ്പറമ്പ് എന്ന സ്ഥലത്ത് കൊല്ലവർഷം 100ാം ആണ്ടിൽ രാജാവിന്റെ ആവശ്യാർഥം കൊട്ടാരത്തിനു സമീപം അഷ്ടകോണുള്ള കുളം നിർമിച്ചിരുന്നു. രാജാവ് അതിന്റെ വാസ്തുബലി കഴിക്കാൻ ആളെ അന്വേഷിച്ചു. ഈ കർമം നിർവഹിച്ചിരുന്നത് യോഗി ഗുരുക്കന്മാരായിരുന്നു. പൗരമുഖ്യന്മാർ കൂടിയാലോചിച്ച ശേഷം യോഗ്യനായ ആളിനുവേണ്ടി അന്വേഷണമായി. പുതിയാപ്പറമ്പിൽ പോയി പുതിയാറമ്പൻ തറവാട്ടിൽ നിന്നു യോഗ്യനായ ആളെ കണ്ടെത്തി.
യോഗി ഗുരുക്കന്മാർ കടത്തുതോണി എടുത്തു മാറ്റിയെങ്കിലും അമാനുഷസിദ്ധികൊണ്ട് പുതിയാറമ്പൻ കൃത്യസമയത്തെത്തി വാസ്തുബലി നടത്തിയെന്നു വിശ്വസിക്കപ്പെടുന്നു. കിഴക്കുഭാഗം പുതിയപറമ്പെന്നും പടിഞ്ഞാറു ഭാഗം യോഗിമാർക്കും ഏൽപിച്ചു കൊടുത്തുവെന്നും അറിയുന്നു. കൊല്ലവർഷം നൂറാം ആണ്ടിൽ പുതിയപറമ്പൻ പയ്യന്നൂർ പെരുമാൾ ക്ഷേത്രം സന്ദർശിച്ചതായി അനുമാനിക്കുന്നു. പിന്നീട് കരിപ്പത്ത് തറവാട്ടിൽ കാര്യങ്ങൾ നോക്കിനടത്താൻ ഏൽപിക്കപ്പെട്ട് അവിടത്തെ ഒരംഗമെന്ന നിലയിൽ കഴിയുകയും ചെയ്യുന്നു. പുതിയാറമ്പൻ താമസിച്ച പറമ്പ് ഇന്നും നിലനിൽക്കുന്നു.
പുതിയാറമ്പൻ ഗുരുക്കന്മാരുടെ കളരികൾ ഈ യോദ്ധാവിന്റെ വരവിനു ശേഷം പരമ്പരാഗതമായി അടുത്തകാലം വരെ നിലനിന്നിരുന്നു. ഇവരുടെ ഞാണിന്മേൽ കളി പ്രസിദ്ധമായിരുന്നു. പിലിക്കോട് ഇന്ന് കാർഷിക ഗവേഷണ കേന്ദ്രം നിലനിൽക്കുന്ന സ്ഥലം പണ്ട് പടനിലമായറിപ്പെട്ടിരുന്നു. ഇപ്പോൾ പടുവളം എന്നറിയപ്പെടുന്നു. കരിപ്പത്ത് വീട്ടിൽ കാരണവരും മറ്റും പടയ്ക്ക് പോകുമ്പോൾ വീടിന്റെ ഉത്തരവാദിത്തം പുതിയപറമ്പനെ ഏൽപിക്കുകയും പുറത്തു പോകാതിരിക്കാൻ മുറി പൂട്ടി താക്കോൽ കൈവശം വയ്ക്കുകയും ചെയ്തു.
എന്നാൽ പടയാളിയായ പുതിയാറമ്പൻ ഏതോ അമാനുഷ ശക്തികൊണ്ട് പൂട്ട് തുറന്ന് പുറത്തുവന്നു. പടച്ചമയങ്ങളണിഞ്ഞുകൊണ്ട് നേരത്തേ പടനിലത്തിലെത്തി. യാത്രാമധ്യത്തിൽ പലരേയും കണ്ടുമുട്ടുന്നു. പടയുടെ വിവരം അറിയിക്കുന്നു. കുപ്പാടക്കത്ത് തറവാട്ടുകാരനെ കണ്ടുമുട്ടി പടയ്ക്കു പോകുന്നതായി അറിയിക്കുന്നു. പടയ്ക്കുപോയി മടങ്ങിവന്നില്ലെങ്കിൽ ദൈവക്കോലമായി തിരിച്ചുവന്നാൽ എന്റെ ഇടത്തും വലത്തും എഴുന്നള്ളിക്കണമെന്നും ഇതിന് പകരമായി ഒന്നും ചോദിക്കരുതെന്നും പറയുന്നു. ഇതിന്റെ ഓർമയെന്നോണം കാപ്പാട്ട് ക്ഷേത്രത്തിൽ ഏളത്ത് പുറപ്പെടുമ്പോൾ അതിന് മുൻപിൽ കുപ്പാടക്കത്ത് തറവാട്ട് പ്രതിനിധി പൊന്തിയും പരിചയുമായി ഏറ്റവും മുൻപിൽ നടക്കണം.
ഇത് ഇന്നും നിലനിൽക്കുന്നു. കുപ്പാടക്കത്ത് തറവാട്ടുകാരും ഇവിടത്തെ കോയ്‌മസ്‌ഥാനം വഹിക്കുന്നവരാണ്. കർക്കിടകം 18ന് മുദ്രയ്ക്ക് വേണ്ട നിവേദ്യദ്രവ്യങ്ങളിൽ തേങ്ങ കുപ്പാടക്കത്ത് തറവാട്ടിൽ നിന്നു കൊണ്ടുവരേണ്ടതാണ്. പിന്നീട് കാവിൽ ചൂവാട്ട തറവാട്ടുകാരെ കണ്ടുമുട്ടുന്നു. അവരോടും പടയ്ക്കു പോകുന്ന കാര്യം പറയുന്നു. 'ഞാൻ ദൈവക്കോലമായി തിരിച്ചുവന്നാൽ എനിക്ക് ഇടത്തും വലത്തും തരണമെന്നു കൽപിക്കുന്നു.' പുതിയാറമ്പൻ ദൈവത്തിന് കാവിൽ ചൂവാട്ട് തറവാട്ടുകാരുടെ വകയായി ഇടത്തും വലത്തും പെരുങ്കളിയാട്ടസമയത്ത് സമർപ്പിക്കേണ്ടി വന്നു. ഉദിനൂർ കൂലോത്ത് പാട്ടുത്സവത്തിന് പോകുമ്പോൾ കാവിൽ ചൂവാട്ട തറവാട്ടിൽ പോകണമെന്നും അവിടെ നിന്നും ‘കെട്ടും ചുറ്റും’ (വസ്ത്രം) വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. ഈ പ്രയാണത്തിൽ അന്നൂരിൽ അന്നൂരാനെ കാണുന്നു. പടയ്ക്ക് പോകുന്ന വിവരം അറിയിക്കുന്നു. പടയിൽ മരിച്ചാൽ തെയ്യക്കോലമായി വരുമെന്നും കോലം കെട്ടിയാൽ കോളുവാങ്ങരുതെന്ന് പറയുകയും ചെയ്യുന്നു.
ഈ യാത്രയിൽ തന്നെ വണ്ണത്താനെ കാണുകയും തിരിച്ച് തെയ്യക്കോലമായി വന്നാൽ മാറ്റ് നൽകണമെന്നും കോള് വാങ്ങരുതെന്നും പറയുന്നു. കോലസ്വരൂപവും അള്ളട സ്വരൂപവും തമ്മിൽ പുതിയാറമ്പൻ ആയുധ വിദ്യയിലുള്ള തന്റെ കഴിവ് അതിവിദഗ്ധമായി പ്രകടിപ്പിച്ചു. എന്നാലും പടനിലത്തിൽ മരിച്ചുവീഴുന്നു. ഈ സ്ഥലം ഇന്നും പരിപാവനമായി സൂക്ഷിക്കുന്നു. കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരിമുടിക്ക് വേണ്ട കമുക് കല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും 70 കിലോമീറ്റർ ദൂരം ചുമലിലേറ്റി കാപ്പാട്ട് കഴകത്തിലേക്ക് കൊണ്ടുവരുന്ന യാത്രയിൽ പുരാവൃത്ത പ്രസിദ്ധമായ ഈ തറയിൽ വയ്ക്കണമെന്നത് ഒരു ചടങ്ങാണ്. പഴയ ചരിത്രത്തിന്റെ ഓർമ നിലനിർത്തുന്ന അനുഷ്ഠാനം ഇന്നും നിലനിൽക്കുന്നു.
തെയ്യം സർവകലകളുടെയും പൂർണത: കൈതപ്രം
പയ്യന്നൂർ ∙ തെയ്യങ്ങൾ സംഗീതവും ചിത്രകലയും നാട്യകലയും ആയോധന കലയും വസ്ത്രാലങ്കാരമുൾപ്പെടെ സർവകലകളുടെയും പൂർണതയാണെന്നും തെയ്യങ്ങൾ നിറഞ്ഞാടുന്ന പെരുങ്കളിയാട്ടങ്ങൾ സർവ മേഖലയുടെയും സമ്മേളനമാണെന്നും സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. കാപ്പാട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആൽത്തറ വേദിയിൽ സംഘടിപ്പിച്ച പയ്യന്നൂർ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി–മത ചിന്തകൾക്കതീതമായുള്ള ഒത്തുചേരലുകൾക്കു വേദിയൊരുക്കുകയാണു പെരുങ്കളിയാട്ടങ്ങളെന്നും ഇത്തരം ഉത്സവങ്ങൾ നമ്മുടെ നാടിന്റെ സംസ്കൃതിയാണെന്നും ഇത്തരം ഉത്സവങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് നമ്മുടെ ജീവിതത്തിലെ പുണ്യമാണെന്നും നമ്മുടെ പൈതൃക സംരക്ഷണത്തിന് അനിവാര്യമാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി കൃഷ്ണാനന്ദ ഭാരതി അധ്യക്ഷത വഹിച്ചു. നടി ആവണി ആവൂസ്, കാലടി സർവകലാശാല മുൻ ഡയറക്ടർ ഡോ. ഇ.ശ്രീധരൻ, കഴകം കോയ്മ എടത്തിൽ ശശിധരൻ തമ്പാൻ, പടോളി ഭഗവതി ക്ഷേത്രം പ്രതിനിധി കെ.ബാബു, പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രതിനിധി പി.വി.കൃഷ്ണൻ, മാവിച്ചേരി കൂർമ്പക്കാവ് ഭഗവതി ക്ഷേത്രം പ്രതിനിധി സുധീഷ് കണ്ണൻ, കേളോത്ത് അമലോദ്ഭവ മാതാ ദേവാലയത്തിലെ അഡ്വ. ഫാ. ലിന്റോ, ഉത്തര മലബാർ തീയ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ പെരിയ, വാണിയ സമുദായ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാട്, പെരുങ്കളിയാട്ട സംഘാടക സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ, ക്ഷേത്രാചാര കമ്മിറ്റി വർക്കിങ് ചെയർമാൻ ടി.വി.രാഘവൻ എന്നിവർ പ്രസംഗിച്ചു.