വിഷു എത്തുന്നതിനു മുൻപേ കണിവെള്ളരി റെഡി
Mail This Article
ഇരിട്ടി∙വിഷുവിനു ഇനിയും രണ്ടാഴ്ച ഉണ്ടെങ്കിലും കുയിലൂരിൽ കണിവെള്ളരി ഇപ്പോഴെ റെഡി. ആവശ്യക്കാർക്ക് നേരത്തെ തന്നെ നല്ലതു നോക്കി വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നതിനും ദൂരെ ദിക്കുകളിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എത്തിച്ചു നൽകുന്നതിനുമുള്ള സമയം ധാരാളമുണ്ട്.
ഇതെല്ലാം മുന്നിൽ കണ്ടാണ് പടിയൂർ കൃഷി ഭവനു കീഴിലെ കുയിലൂർ അശ്വതി കൃഷിക്കൂട്ടം ഇത്തവണ നേരത്തെ കൃഷിയിറക്കി കണി വെള്ളരി വിളയിച്ചത്. വേപ്പിൻ പിണ്ണാക്ക്, കുമ്മായം, ചാണകം, കാലിവളം എന്നിവ കൃഷി വകുപ്പിന്റെ നിർദേശ പ്രകാരം വളമായി നൽകിയാണ് വെള്ളരി വിളയിച്ചത്. ഇതുകൊണ്ടു തന്നെ ദീർഘകാലം വെള്ളരി സൂക്ഷിച്ചു വയ്ക്കാനും കഴിയുമെന്നാണു കൃഷിക്കൂട്ടത്തിന്റെ ഉറപ്പ്.
കൃഷിയുടെ ഓരോ ഘട്ടത്തിലും കൃഷി ഓഫിസർ എം.പി.അതുല്യയുടെ നേതൃത്വത്തിൽ കൃഷി ഉദ്യോഗസ്ഥരുടെ മേൽ നോട്ടവും ഉണ്ടായിരുന്നു.വെള്ളരിക്കു പുറമേ പയർ, വെണ്ട, ചീര, പടവലം, കക്കിരി, മത്തൻ, നരയൻ, മുളക്, വൻപയർ എന്നിവയും ഇവരുടെ കൃഷിയിടത്തിലുണ്ട്.