പാനൂർ ബോംബ് നിർമാണം: പ്രതികൾ ഡിവൈഎഫ്ഐ ഭാരവാഹികൾ; തള്ളിപ്പറഞ്ഞിട്ടും മായാതെ തെളിവുകൾ
Mail This Article
കണ്ണൂർ ∙ പാനൂർ മുളിയാത്തോട്ടിൽ ബോംബ് നിർമിച്ചവർക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുതൽ പ്രാദേശിക നേതാക്കൾ വരെ ആവർത്തിക്കുമ്പോഴും മായാത്ത തെളിവുകളായി പ്രതികളുടെ ചിത്രങ്ങളും വിഡിയോകളും. ബോംബ് നിർമാണസമയത്ത് മുളിയാത്തോട്ടെ വീട്ടിൽ ഉണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അമൽ ബാബു ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. യൂണിറ്റിനെ അമൽ ബാബു നയിക്കുമെന്നു പറയുന്ന പോസ്റ്ററും റെഡ് വൊളന്റിയർ മാർച്ച് നയിക്കുന്ന വിഡിയോയും കുന്നോത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റിലെ ജോയിന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം പിടിയിലായ ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് ഡിവൈഎഫ്ഐ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമായ എകരത്ത് നാണുവിന്റെ മകനാണ് സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള വിനീഷ്. ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളെന്നു പൊലീസ് പറയുന്ന ഷിജാൽ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. ഒളിവിലുള്ള ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമാണത്തിന്റെ ലക്ഷ്യം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞിരുന്നു.