എങ്ങനെവേണം പോളിങ് സ്റ്റേഷൻ? ഇതാ ഗംഭീര മാതൃക!
Mail This Article
ശ്രീകണ്ഠപുരം ∙ വോട്ടർമാർക്ക് ചുവപ്പു പരവതാനി വിരിച്ച് വരവേൽപ്, പുതിയ വോട്ടർമാരാണെങ്കിൽ പൂക്കൾ നൽകി സ്വീകരണം, വിശ്രമിക്കാൻ പരമ്പരാഗത ആദിവാസി കുടിലിന്റെ മാതൃകയിൽ സജ്ജീകരിച്ച കേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, മെഡിക്കൽ സംഘം... ഇങ്ങനെയൊരു പോളിങ് സ്റ്റേഷനുണ്ടായിരുന്നു 2019ൽ. പയ്യാവൂർ വില്ലേജിലെ കാഞ്ഞിരക്കൊല്ലിയിലെ ഖാദർഹാജി സ്മാരക യുപി സ്‌കൂളിലെ പോളിങ് സ്റ്റേഷനാണ് പൂർണമായും ഹരിതചട്ടം പാലിച്ച് മാതൃകാ പോളിങ് സ്റ്റേഷനായി രൂപകൽപന ചെയ്ത് രാജ്യത്തിനുതന്നെ മാതൃകതീർത്തത്. വോട്ട് ജനാധിപത്യത്തിന്റെ ഉത്സവം എന്നതായിരുന്നു മാതൃകാ പോളിങ്ങ് സ്റ്റേഷന്റെ തീം.
മാവോയിസ്റ്റ് ആക്രമണസാധ്യതയുള്ള ഇവിടെ ഉത്സവാന്തരീക്ഷത്തിലൂടെ വോട്ടിങ് പങ്കാളിത്തം കൂട്ടുകയായിരുന്നു ലക്ഷ്യം. ഭീഷണികൾ മൂലം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് പ്രാദേശിക ഘടകങ്ങൾ ഉൾക്കൊണ്ടുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക വഴി വോട്ടിങ് ശതമാനം കൂട്ടാൻ സാധിക്കുമെന്നു രാജ്യത്തിനുകാണിച്ചുകൊടുക്കാൻ കാഞ്ഞിരക്കൊല്ലി മാതൃകയ്ക്കായി. അന്നത്തെ പയ്യാവൂർ വില്ലേജ് ഓഫീസർ ആയിരുന്ന അനിൽ വർഗീസും സഹപ്രവർത്തകരും പൊതുജങ്ങളുടെ സഹകരണത്തോടെയാണ് ഇവ സജീകരിച്ചത്. ഇലക്ഷൻ കമ്മീഷന്റെ മികച്ച വില്ലേജ് ഓഫിസർക്കുള്ള അവാർഡും അനിൽ വർഗീസ് കരസ്ഥമാക്കി. 2016ലെ തിരെഞ്ഞെടുപ്പിലെ മികച്ച ക്രിയാത്മക ഇടപെടൽ എന്ന വിഭാഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കേരളത്തിന്റെ എൻട്രി ഈ പോളിങ് കേന്ദ്രമായിരുന്നു. പോളിങ്ങ് സ്റ്റേഷനെക്കുറിച്ച് അനിൽ വർഗീസ് തയാറാക്കിയ ഡോക്യുമെന്ററി ഐജിഎംഒ രാജ്യാന്തര അവാർഡ് നേടി.