ADVERTISEMENT

ചക്കരക്കൽ ∙ വളവിൽ പീടികയിൽ മാമ്പ പോസ്റ്റ് ഓഫിസിന് സമീപം ആതിരയിൽ കെ.വി.ദേവദാസിന്റെ വീട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞു. 2 ആഴ്ച മുൻപ് വാങ്ങിയതാണ് പൊട്ടിത്തെറിച്ച സിലിണ്ടർ. ഉപയോഗിക്കാതെ വർക്ക് ഏരിയയിൽ വച്ചതായിരുന്നു ഇത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ നിലവിൽ ഉപയോഗിക്കുന്ന സിലിണ്ടറും ദൂരേക്ക് തെറിച്ചുപോയി.

വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ വർക്ക് ഏരിയ, ശുചിമുറി, അടുക്കളയുടെ വാതിൽ, ചുമർ എന്നിവ തകർന്ന നിലയിലാണ്. നിരവധി വൈദ്യുത ഉപകരണങ്ങളും വയറിങ്ങും നശിച്ചു.  വളവിൽ പീടികയിൽ ടെയ്‌ലറിങ് ജോലി ചെയ്യുന്ന ദേവദാസ് ഉച്ചഭക്ഷണം കഴിക്കാനായി വീടിന്റെ സമീപം എത്തിയപ്പോഴായിരുന്നു സംഭവം. സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിനു മുൻപായി വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞു.

 പൊട്ടിത്തെറിച്ച പാചക വാതക സിലിണ്ടറിന്റെ അവശിഷ്ടം.
പൊട്ടിത്തെറിച്ച പാചക വാതക സിലിണ്ടറിന്റെ അവശിഷ്ടം.

ചക്കരക്കൽ പൊലീസും കൂത്തുപറമ്പിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് കേസെ‍ുത്തു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ദേവദാസ് ചക്കരക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസി വിതരണം ചെയ്തതാണ് സിലിണ്ടർ. തീയുടെ അംശം ഇല്ലാതെ സിലിണ്ടർ പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെന്ന് അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com