കൈവരിയില്ലാത്ത പാലത്തിൽനിന്ന് വീണ് മരണം: നഷ്ടപരിഹാരം നൽകണം
Mail This Article
കണ്ണൂർ ∙ കൊളച്ചേരി പള്ളിപ്പറമ്പുമുക്ക് കരിയിൽ കനാലിലെ കൈവരിയില്ലാത്ത പാലത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരൻ കനാലിൽ വീണ് മരിച്ച സംഭവത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
2022 മാർച്ച് 8ന് നടന്ന അപകടത്തിൽ മരിച്ച കണ്ണൂർ കോളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്കരന്റെ ഭാര്യ കെ.കെ.ഷൈലജയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാനാണ് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. 4 മാസത്തിനകം നടപടി സ്വീകരിച്ച് ചീഫ് സെക്രട്ടറി കമ്മിഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
24 കോടി മുടക്കി കണ്ണൂർ മരാമത്ത് ദേശീയപാതാ വിഭാഗം നവീകരിച്ച ചിറക്കുനി - പറശ്ശിനിക്കടവ് റോഡിലുള്ള, പള്ളിപ്പുറം ചെറിയ കനാലിന് കുറുകെയുള്ള പാലത്തിന് കൈവരി നിർമിക്കാത്ത മരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ ചീഫ് എൻജിനീയർമാർ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
4 മാസത്തിനകം ചീഫ് എൻജിനീയർമാരും കമ്മിഷനിൽ സമർപ്പിക്കണം.സ്കൂട്ടർ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് എഴുതിയ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നു കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി. കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിർദേശം നൽകി.
കാവുംചാലിൽ കട നടത്തിയിരുന്നയാളാണു മരിച്ച ഭാസ്കരൻ. ഭാസ്കരന്റെ ഭാര്യ കെ.കെ.ഷൈലജ സമർപ്പിച്ച പരാതിയിലാണ് നടപടി.കമ്മിഷൻ പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥരെ നേരിൽ കേൾക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പാലത്തിന് കൈവരി ഉണ്ടായിരുന്നെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നാണു കമ്മിഷന്റെ കണ്ടെത്തൽ. പാലത്തിന് കൈവരി നിർമിക്കാത്തതിൽ മരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ പരസ്പരം പഴിചാരിയിരുന്നു.