ADVERTISEMENT

കണ്ണൂർ ∙ കടന്നൽ കുത്താൻ വന്നാൽ എന്തു ചെയ്യും? ഓടി രക്ഷപ്പെടാം. കടന്നൽ കുത്തിയാലോ? കടന്നൽ കുത്തേൽക്കാതിരിക്കാനും കുത്തേറ്റാൽ ജീവഹാനിയുണ്ടാകാതിരിക്കാനും എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചു പഠിക്കാൻ ഫെമി ബെന്നി വിമാനം കയറാൻ പോകുകയാണ്, ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലേക്ക്. അതും 1.7 കോടി രൂപയുടെ സ്കോളർഷിപ്പോടെ. ഇരിട്ടി കാക്കയങ്ങാട് എടത്തൊടി എഴുത്തുപള്ളിക്കൽ ബെന്നിയുടെയും ഗ്രേസിയുടെയും മകളായ ഫെമി സാധ്യതകളുടെ വിശാലമായൊരു ലോകത്തേക്കു കുതിക്കുകയാണ്.

കൃഷിക്കാരനായ ബെന്നിക്ക് റബർ തോട്ടത്തിൽ നിറയെ തേനീച്ചപ്പെട്ടികളുണ്ട്. തേനീച്ചയുടെയും കടന്നലുകളുടെയും കുത്തേറ്റവരുടെ പ്രയാസം നന്നായി അറിയാം. ജൈവവൈവിധ്യമേഖലയിലെ ഗവേഷണത്തിന് പ്രോജക്ട് തയാറാക്കുമ്പോൾ ഫെമി കടന്നലുകളെക്കുറിച്ചുള്ള പഠനം തിരഞ്ഞെടുക്കാൻ കാരണവും ഇതുതന്നെയായിരുന്നു. കടന്നൽക്കുത്തേറ്റ് സ്വന്തം നാട്ടിലടക്കം ഒട്ടേറെപ്പേർ മരിച്ചിട്ടുണ്ട്. അതില്ലാക്കാൻ, ഇത്തരം ജീവികളുടെ ആക്രമണമുണ്ടാകുമ്പോൾ സ്വയം സംരക്ഷണവും പ്രതിരോധവും എങ്ങനെ കണ്ടെത്താമെന്ന് ആ ജീവികളുടെ ജീവിതം പഠിച്ചു കണ്ടെത്തുകയാണ് ഫെമിയുടെ ലക്ഷ്യം. 

ലണ്ടൻ യൂണിവേഴ്സിറ്റി കോളജിന്റെ (യുസിഎൽ) റിസർച് എക്സലൻസ് സ്കോളർഷിപ്പിന് ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് 40 പേരെയാണു തിരഞ്ഞെടുക്കുക. ഇതിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ഫെമി. കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം റാങ്കോടെ എംഎസ്‍സിയും നേടി ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിൽ ഗവേഷണം നടത്തുമ്പോഴാണ് സ്കോളർഷിപ് ലഭിക്കുന്നത്. മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിലെ നാട്ടുകാർ കഴിക്കുന്ന പ്രാണികളെക്കുറിച്ചാണ് ഫെമി ഇപ്പോൾ പഠനം നടത്തുന്നത്. ഇത്തരത്തിലുള്ള മുന്നൂറോളം പ്രാണികളെ കണ്ടെത്തി പഠനം നടത്തിക്കഴിഞ്ഞു. ഇനി പ്രോജക്ട് സമർപ്പിക്കണം.സെപ്റ്റംബറിലാണു ലണ്ടനിലേക്കു പോകുന്നത്. 4 വർഷമാണ് ഗവേഷണം. അതിനു ശേഷം പോസ്റ്റ് ഡോക്ടറൽ. സഹോദരൻ ഫെബിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com