ADVERTISEMENT

കണ്ണൂർ∙ പച്ചക്കറി വില ഉയരുന്നതോടെ അടുക്കളയിൽ ആവലാതി. രണ്ടാഴ്ച്ചയായി പച്ചക്കറി വില കുതിച്ചു കയറുകയാണ്. ജില്ലയിലേ‍ക്ക് പച്ചക്കറി എത്തുന്ന തമിഴ്നാട്– കർണാടക സംസ്ഥാനത്ത് മഴയത്ത് വിളവെടുക്കാനാകാത്തതും വിള നാശവുമാണ് തിരിച്ചടിയായത്. പച്ചക്കറി ലോഡ് ജില്ലയിലേക്ക് വരുന്നത് കുറയുകയും ചെയ്തു. എല്ലായിനം പച്ചക്കറിക്കും 10– 20 രൂപ വരെ വില കൂടിയിട്ടുണ്ട്. കണ്ണൂർ മാർക്കറ്റിൽ കിലോയ്ക്ക് 40 രൂപയുണ്ടായ ഉള്ളിക്ക് വില 50 രൂപയായി. തക്കാളി 32 രൂപയുണ്ടായത് 46, ഉരുളക്കിഴങ്ങ് 30 രൂപയുണ്ടായത് 48 എന്നിങ്ങനെയും വിലയുയർന്നു.

മീൻവിലയും പൊള്ളുന്നു
മിക്കയിനം മീനുകളുടേയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയിൽ യഥേഷ്ടം ലഭിച്ചു വന്നിരുന്ന മത്തി കിലോയ്ക്ക് 260 രൂപയായി. അയിലയ്ക്കും പരലിനും വില 280 പിന്നിട്ടു. കട്‌ല 300, തളയൻ –250 എന്നിങ്ങനേയുമാണ് വില. അവോലി– അയക്കൂറയ്ക്ക് 750–850 രൂപയുമായി. ചെമ്മീനും മാലാനും വില 400 രൂപയായി. ട്രോളിങ് നിരോധനവും കാലവർഷവും ആരംഭിച്ച സാഹചര്യത്തിൽ മത്സ്യവില ഇനിയും കൂടിയേക്കും.

ചിക്കൻ വില കുറഞ്ഞു തുടങ്ങി
നിയന്ത്രണമില്ലാതെ കൂടിയിരുന്ന ചിക്കന്റെ വില കുറഞ്ഞു തുടങ്ങി. പുതിയതെരു മാർക്കറ്റിൽ കോഴി കിലോയ്ക്ക് 1 മാസം മുൻപ് വരെയുണ്ടായ 185 രൂപ ഇപ്പോൾ 166 ആയി. കോഴി ഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെയുണ്ടായിരുന്നു. വില കൂടാൻ തുടങ്ങിയതോടെ വിപണിയിൽ ചിക്കൻ വ്യാപാരത്തിന് നേരിയ ഇടിവും അനുഭവപ്പെട്ടിരുന്നു.

ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഫാമുകളിൽ കോഴി ഉൽപാദനം വളരെ കുറവാണ്. ജില്ലയിലുള്ള ഫാമിലാകട്ടെ, കനത്ത ചൂടു കാരണം കോഴി ഉൽപാദനം ഇത്തവണ കുറഞ്ഞു.  ജില്ലയിലേക്ക് പ്രധാനമായും ചിക്കൻ എത്തുന്നത് തമിഴ്നാട്– കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതര സംസ്ഥാനത്തും ഫാമുകളിൽ കോഴി ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. ജില്ലയിലേക്ക് എത്തിക്കുന്ന ചിക്കന്റെ വില നിർണയിക്കുന്നത് തമിഴ്നാട്–കർണാടക ലോബിയാണ്. 

ഫാമിലേക്ക് നൽകുന്ന കോഴിക്കുഞ്ഞിന് ഒരെണ്ണത്തിന് 18– മുതൽ 32 രൂപ വരെയാണ് വില. ഏകീകൃത വിലയില്ലാത്തതും കോഴിക്ക് വിലകൂടാൻ കാരണമായി. ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപ എന്ന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതി എങ്ങും എത്തിയതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com