കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ബൈപാസ് ശസ്ത്രക്രിയ മുടങ്ങിയിട്ട് 6 മാസം
Mail This Article
പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ബൈപാസ് ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് 6 മാസം. ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ശസ്ത്രക്രിയ തിയറ്ററുകൾ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെത്തുടർന്നാണ് പ്രതിസന്ധി. സ്വകാര്യ ആശുപത്രികളിൽ വൻ തുക വരുന്ന ഹൃദയ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത ഇരുനൂറോളം നിർധനരായ രോഗികളാണ് ഇതോടെ ദുരിതത്തിലായത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് പെട്ടെന്ന് ബൈപാസ് സർജറി വേണ്ടിവന്നു. എന്നാൽ മെഡിക്കൽ കോളജിൽ ബൈപാസ് സർജറി നിർത്തിവച്ചതിനാൽ ജീവൻ രക്ഷിക്കാൻ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. മറ്റൊരു രോഗി ചില സംഘടനകളുടെ കാരുണ്യത്തിൽ ഇതര സംസ്ഥാന ആശുപത്രിയിൽ ചികിത്സ തേടി. വിഷയത്തിൽ ആരോഗ്യമന്ത്രിയോ മറ്റു ജനപ്രതിനിധികളോ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ബൈപാസ് സർജറി ചെയ്യുന്ന രണ്ട് ഡോക്ടർമാർ നിലവിലുണ്ടായിട്ടും സർജറി നടത്താനുള്ള സംവിധാനം നടപ്പാക്കാതെ അനിശ്ചിതത്തിലാക്കുന്നത് മറ്റു സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നു ആക്ഷേപവുമുണ്ട്. കണ്ണൂർ, കാസർകോട് വയനാട് ജില്ലയിൽ ബൈപാസ് സർജറി നടത്തുന്ന ഏക സർക്കാർ മെഡിക്കൽ കോളജായ പരിയാരത്ത് മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള രോഗികളും എത്തുന്നുണ്ട്.