ADVERTISEMENT

പാനൂർ, മാഹി ∙ മേഖലയിൽ ബോംബിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.  മാഹിയിലും കൊളവല്ലൂർ, ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധികളിലും   പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തലശ്ശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു ലഭിച്ച സ്റ്റീൽ പാത്രം ബോംബാണെന്ന് അറിയാതെ തുറക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്.

റെയ്ഡ് തുടരും. ചൊക്ലിയിലെ നിടുമ്പ്രം, മൊയിലോം, അണിയാരം, പൂക്കോം ഭാഗങ്ങളിലാണ് ബോംബ് സ്ക്വാഡും ലോക്കൽ പൊലീസും പരിശോധന നടത്തിയത്.  കൊളവല്ലൂരിലെ തൂവ്വക്കുന്ന് ഭാഗത്തായിരുന്നു പരിശോധന. ആൾ താമസമില്ലാത്ത വീടുകൾ, പറമ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കുന്നത്.

∙മാഹി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.  മാഹി പൊലീസ് ചെറുകല്ലായി, ചാലക്കര പള്ളൂർ, ഇരട്ടപിലാക്കൂൽ, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര, വെസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ പരിശോധന നടത്തി. 

എസ്ഐ ജിയാസിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ബോംബ് ഡിറ്റക്‌ഷൻ സ്ക്വാഡും സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിൽ പരിശീലനം നേടിയ ലക്സി എന്ന പൊലീസ് നായ ഉൾപ്പെടുന്ന ഡോഗ് സ്ക്വാഡും മാഹി പൊലീസിനെ സഹായിക്കാൻ എത്തി. 

മാഹി എസ്പി ജി.ശരവണന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഐ ആർ.ഷൺമുഖം, മാഹി എസ്ഐ അജയകുമാർ, പള്ളൂർ എസ്ഐ റെനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.പ്രദീപ് എന്നിവരും പങ്കെടുത്തു. 

താമസമില്ലാത്ത വീടുകൾ, നിർമാണം നിലച്ച കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടന്നു. 

എരഞ്ഞോളി സ്ഫോടനം: പ്രതികളെക്കുറിച്ച് സൂചനയില്ലെന്ന് പൊലീസ്
തലശ്ശേരി∙ എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെടാനിടയായ സംഭവത്തിൽ പ്രതികളെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ്. പ്രദേശത്ത് നേരത്തെ ക്രിമിനിൽ കേസുകളിൽപെട്ടവരെയും സംശയമുള്ളവരെയും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ പൊട്ടിയ ബോംബ് എപ്പോൾ കൊണ്ടുപോയി വച്ചതാണെന്നും  കണ്ടെത്താൻ ഇതുവരെ സാധിച്ചില്ലെന്നാണ് പൊലീസ്  പറയുന്നത്.  ഏതാനും മാസം മുൻപ് കതിരൂർ പ‍ഞ്ചായത്തിലെ പൊന്ന്യം കുണ്ടുചിറയിൽ ഉത്സവവുമായി ബന്ധപ്പെട്ട്  കുണ്ടുചിറയിലെയും കുടക്കളത്തെയും സിപിഎം അനുഭാവികളായ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഇതിനു ശേഷം കുടക്കളത്തുള്ളവർ കുണ്ടുചിറയിലെ യുവാവിനെ അടിച്ചു ഗുരുതരമായി പരുക്കേൽപിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നു. കുടക്കളത്തെ സ്ഫോടനത്തിന്റെ വെളിച്ചത്തിൽ ഇക്കാര്യവും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടക്കളത്ത് ബോംബ് നിർമാണം നടക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയ പരിസരവാസിയായ സീനയിൽ നിന്ന് അടുത്ത ദിവസം  മൊഴിയെടുക്കാനാണു പൊലീസ് നീക്കം. 

സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. തലശ്ശേരി, ന്യൂമാഹി, ധർമടം, കതിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലുംഒന്നും കണ്ടെത്താനായില്ല.

മാഹി അതിർത്തിയിലും പരിശോധന നടന്നു.  സ്ഫോടനം നടന്ന സാഹചര്യത്തിൽ പ്രദേശത്തും പരിസര പ്രദേശങ്ങളിലും റെയ്ഡ് നടക്കുമെന്ന് കരുതി സ്ഫോടക വസ്തുക്കൾ ു മാറ്റിയിരിക്കാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com