ADVERTISEMENT

ചപ്പാരപ്പടവ്∙പഞ്ചായത്തിൽ മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സജീവമായി ഹരിതകർമ സേന.  26 അംഗ സേന 4 ക്ലസ്റ്ററായാണ് മാലിന്യത്തോട് പടപൊരുതാൻ രംഗത്തുള്ളത്.ജില്ലയിൽ ആദ്യമായി 100 ശതമാനം അജൈവ മാലിന്യശേഖരണ പ്രഖ്യാപനം നടത്തിയ പഞ്ചായത്താണ് ചപ്പാരപ്പടവ്. ഹരിത കർമ സേന അജൈവമാലിന്യ ശേഖരണം നടത്തുന്നതിൽ കൈവരിച്ച നേട്ടങ്ങൾ ഇന്ന് മറ്റു പഞ്ചായത്തുകളും പിന്തുടരുകയാണ്. വർഷാവർഷം ടൺ കണക്കിന്  മാലിന്യമാണ് ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ലോറികളിൽ കയറ്റുന്നതും സേന തന്നെ. കഴിഞ്ഞവർഷം പ്ലാസ്റ്റിക് മാത്രം ശേഖരിച്ചത് 24.5 ടണ്ണാണ്. ഉപയോഗശൂന്യമായ ചെരിപ്പും ബാഗുകളും മറ്റും ശേഖരിച്ചത്  24.59 ടൺ. മഴക്കാലപൂർവ ശുചീകരണത്തിൽ ശേഖരിച്ചത് 23 ടൺ മാലിന്യം. 20.5 ടൺ കുപ്പികളും  ചില്ലും ശേഖരിച്ചു. പതിനൊന്നര  ടൺ പഴന്തുണിയും ശേഖരിച്ചു. മലയോരത്തെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചെന്ന ബഹുമതിയും ചപ്പാരപ്പടവ് പഞ്ചായത്തിനു തന്നെ. 

 സംസ്ഥാന തലത്തിൽ  ശ്രദ്ധ പിടിച്ചുപറ്റിയ വർണം–2025 ശുചിത്വവും ഹരിതാഭവുമായ ഗ്രാമമെന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ  പഞ്ചായത്ത്‌ നടപ്പാക്കിയ പ്രവർത്തനങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിച്ചു. ചില വാർഡുകളിൽ 2 എംസിഎഫ് ഉണ്ട്. ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം താൽക്കാലികമായി സൂക്ഷിക്കാനാണ് മിനി എംസിഎഫുകൾ. ഇവിടെ നിന്ന് മാലിന്യങ്ങൾ കോലാർതൊട്ടിയിലുള്ള വലിയ എംസിഎഫിലേക്ക് നീക്കും.  അവിടെ സോർട്ടിങ്ങിനു ശേഷമാണ് ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്. തരംതിരിച്ച പ്ലാസ്റ്റിക്കിന് പണം ലഭിക്കുമെങ്കിലും മറ്റുള്ള മാലിന്യങ്ങൾക്ക് കിലോഗ്രാമിനു 10 രൂപ വച്ച് ക്ലീൻ കേരളയ്ക്ക് നൽകണം. ഈ തുക പഞ്ചായത്താണ് നൽകുന്നത്. ക്ലീൻ കേരള കമ്പനിയിൽ നിന്ന് ലഭിക്കുന്ന തുകയും യൂസർ ഫീയുമാണ് ഹരിത കർമസേനയുടെ വരുമാനം. വരുമാനത്തിന്റെ ചെറിയ ശതമാനം കൺസോർഷ്യം അക്കൗണ്ടിൽ സൂക്ഷിക്കുന്നുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് ഇതുപയോഗിക്കുന്നു. ശുചീകരണത്തിനു പുറമേ ജീവകാരുണ്യപ്രവർത്തന രംഗത്തും പ്രവർത്തിക്കുന്നുണ്ടെന്ന് കൺസോർഷ്യം ഭാരവാഹികളായ ജെസി ജോസഫ്, ജാൻസി ജോർജ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com