ADVERTISEMENT

ഏച്ചൂർ∙ ‘അവരെ രക്ഷിക്കാൻ കുറെ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. ആദ്യം പുറത്തെത്തിച്ച കുഞ്ഞിനു ജീവനുണ്ടായിരുന്നു. പുറത്തെത്തിച്ചയുടനെ  വയറ്റിൽ അമർത്തി വെള്ളം ഛർദിപ്പിച്ചിരുന്നു. രക്ഷിക്കാനാകുമെന്നാണു കരുതിയത്. പക്ഷേ, സാധിച്ചില്ല’, ബിജേഷിന്റെ വാക്കുകളിൽ അപകടത്തിന്റെ നടുക്കം.‘ഏകദേശം 12.30 ആയിട്ടുണ്ടാകും. ഞങ്ങളെല്ലാം മുകളിലത്തെ നിലയിലായിരുന്നു. പെട്ടെന്നാണ് ഒരു ആൺകുട്ടി ഓടിവന്നു രണ്ടു കുട്ടികൾ മുങ്ങിയെന്നു പറയുന്നത്. ഉടനെ ഞങ്ങൾ കുളത്തിനടുത്തേക്ക് ഓടി. അവിടെച്ചെല്ലുമ്പോൾ ചെറിയ കുമിളകൾ പോലും വെള്ളത്തിൽ നിന്നുയരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ഞങ്ങൾ മൂന്നുപേരും കുളത്തിലേക്കിറങ്ങി. അപ്പോഴെല്ലാം ആ കുട്ടി പറയുന്നുണ്ട്, ‘ഞാൻ ഇറങ്ങേണ്ടെന്നു പറഞ്ഞതാ. നിങ്ങൾ കരുതുന്നതുപോലെയല്ല, നല്ല ആഴമുണ്ട്’ എന്നൊക്കെ. കുളം വളരെ  ചെറുതാണ്.

മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുളത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ചെരുപ്പുകൾ. ചിത്രം:മനോരമ
മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുളത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ചെരുപ്പുകൾ. ചിത്രം:മനോരമ

പക്ഷേ, ചെളി അടിഞ്ഞിരുന്നു. ആദ്യത്തെ കുഞ്ഞിനെ പുറത്തെത്തിച്ച നേരത്ത് അവനു ജീവനുണ്ടായിരുന്നു. വയറ്റിൽ നല്ലവണ്ണം അമർത്തി കുറെ വെള്ളം കളഞ്ഞു. റോഡിലേക്കിറങ്ങി രണ്ടു മൂന്നു വണ്ടികൾക്കു കൈകാണിച്ചെങ്കിലും നിർത്തിയില്ല. അപ്പോഴേക്കും ഞങ്ങൾക്കു ഭക്ഷണം കൊണ്ടു സന്തോഷിന്റെ ഓട്ടോ വന്നു. അവനെ വേഗം ഓട്ടോയിൽ കയറ്റി. രണ്ടാമത്തെ കുഞ്ഞിനെ എടുത്തപ്പോഴേക്കും മരിച്ചിരുന്നുവെന്നു തോന്നി. ചെറിയ കുട്ടികളല്ലേ. അവർക്കു നില കിട്ടിക്കാണില്ല’, ബിജേഷ് പറഞ്ഞു. ‘ഓട്ടോയിൽ കയറ്റിയപ്പോഴും പിന്നിലിരുന്ന ആളുകൾ അവന്റെ പുറത്ത് അമർത്തുന്നുണ്ടായിരുന്നു. പക്ഷേ, ആശുപത്രി എത്താറായപ്പോഴേക്കും വായിൽ നിന്നു നുരയും പതയും മാത്രമേ വന്നിരുന്നുള്ളൂ. വാരം സിഎച്ച് സെന്ററിൽ എത്തുന്നതിനു മുൻപേ അവൻ പോയി. പിന്നെ, ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ടാമത്തെ കുട്ടിയെ പുറത്തെത്തിക്കുമ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു’, ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. കുളത്തിനു സമീപത്തായി ആൾമറയില്ലാത്ത കിണറുമുണ്ട്. സംഭവമറിഞ്ഞ് എത്തിയ പലരും ആദ്യം കരുതിയതു കിണറ്റിലാണു കുട്ടികൾ വീണത് എന്നാണ്. പിന്നീടാണ്, കുളത്തിനരികിൽ ചെരുപ്പ് കണ്ടത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കോർപറേഷൻ ഡപ്യൂട്ടി മേയർ പി.ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ വി.കെ.ശ്രീലത, കൗൺസിലർ ശ്രീജ ആരംഭൻ, ടി.കെ.രാജേഷ്, കെ.വി.ഷാജി എന്നിവർ സംഭവസ്ഥലത്തെത്തി.

സങ്കടമാണുള്ളിൽ...
ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുളത്തിൽ മുങ്ങി മരിച്ച ആദിൽ ബിൻ മുഹമ്മദിന്റെയും മുഹമ്മദ് മിസ്ബുൽ ആമിറിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ച കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തിയപ്പോൾ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് കണയന്നൂർ പള്ളിക്കണ്ടി കബർസ്ഥാനിൽ കബറടക്കും.  ചിത്രം: മനോരമ
സങ്കടമാണുള്ളിൽ... ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുളത്തിൽ മുങ്ങി മരിച്ച ആദിൽ ബിൻ മുഹമ്മദിന്റെയും മുഹമ്മദ് മിസ്ബുൽ ആമിറിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ച കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തിയപ്പോൾ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് കണയന്നൂർ പള്ളിക്കണ്ടി കബർസ്ഥാനിൽ കബറടക്കും. ചിത്രം: മനോരമ

കണ്ണീർ തോരാതെ  അധ്യാപകരും സഹപാഠികളും 
∙‘സഹിക്കാനാവുന്നില്ല. രണ്ടും നമ്മുടെ മക്കളാ...’, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക പി.വി.ജ്യോതിയുടെ വാക്കുകൾ ഇടറി. ‘പുതിയ കുട്ടികളാണ്. മുഹമ്മദ് മിസ്ബുൽ ആമിർ സ്കൂളിൽ ചേർന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ. രണ്ടുപേരും ഒരേ ഡിവിഷനിലായിരുന്നു. കൂട്ടുകാരായിരുന്നു. കുളത്തിന്റെ ആഴം അവർക്കു പിടികിട്ടിക്കാണില്ല. കണ്ടില്ലേ, അവരുടെ സൈക്കിളും ചെരുപ്പുമെല്ലാം അവിടെക്കിടക്കുന്നത്. സൈക്കിൾ ഹാൻഡിലിൽ മഴക്കോട്ട് പോലും തൂക്കിയിട്ടുണ്ട്. വേഗം വീട്ടിലേക്കു മടങ്ങാമെന്നു കരുതിയിട്ടുണ്ടാകും. പക്ഷേ....’ ജ്യോതി ടീച്ചറുടെ ശബ്ദം മുറിഞ്ഞു. സംഭവമറിഞ്ഞ് ജ്യോതി ടീച്ചർക്കൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും പിടിഎ പ്രസിഡന്റ് രമേശൻ കരുവാത്തും എത്തിയിരുന്നു. സ്കൂൾ വാട്സാപ് ഗ്രൂപ്പുകളിലെല്ലാം അപ്പോഴേക്കും കുട്ടികളുടെ മരണവിവരം എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർ ഇനിയില്ലെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണു സഹപാഠികൾ.

മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുട്ടികൾ മുങ്ങിമരിച്ച കുളം. 
ചിത്രം: മനോരമ
മാച്ചേരി നമ്പ്യാർ പീടികയ്ക്കു സമീപം കുട്ടികൾ മുങ്ങിമരിച്ച കുളം. ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com