ADVERTISEMENT

എടക്കാട് ∙ ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിപ്പാത നിർമിക്കുന്ന കാര്യത്തിൽ അധികൃതർ കനിയുന്ന മട്ടില്ല. സ്ഥിതി തുടരുകയാണെങ്കിൽ റൂട്ടിൽ ‌വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെവരും.നിലവിലെ പ്ലാൻ അനുസരിച്ച് ദേശീയപാത നിർമാണം പൂർത്തിയായാൽ നടാൽ റെയിൽവേ ഗേറ്റ് കടന്നു തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾക്ക് വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്റ്റോപ്പിലേക്ക് മൂന്നര കിലോ മീറ്ററോളം തിരിച്ചുപോയി അവിടെനിന്നു തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. ഇതുവഴി ബസുകൾക്ക് 7 കിലോമീറ്റർ കൂടുതൽ ഓടേണ്ടി വരും. ഇത് അംഗീകരിക്കാനാവില്ലെന്നും പരിഹാരമില്ലെങ്കിൽ റൂട്ടിലെ ഓട്ടം നിർത്തിവയ്ക്കുമെന്നുമാണ് ബസ് ഉടമകൾ ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത്.

നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞ് എടക്കാട് ഒകെ യുപി സ്കൂളിന് സമീപത്തു ദേശീയപാതയ്ക്ക് കുറുകെ അടിപ്പാത നിർമിച്ചാൽ ബസുകൾക്ക് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാനാകും. എന്നാൽ ഈ ആവശ്യം ദേശീയപാത അതോറിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല.നടാൽ റെയിൽവേ ഗേറ്റിന് സമീപത്തെ ഊർപഴശ്ശിക്കാവ് ക്ഷേത്രം റോഡിൽ ദേശീയപാതയ്ക്ക് കുറുകെ അടിപ്പാതയുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് പോകാനുള്ള ഉയര‌മില്ല. ചക്കരക്കല്ലിൽനിന്ന് ഊർപഴശ്ശിക്കാവ് ക്ഷേത്രം റോഡ് വഴി തലശ്ശേരിയിലേക്ക് പോകുന്ന മിനിബസ് ഈ അടിപ്പാത വഴി കഷ്ടിച്ച് കടന്നുപോകുന്നുണ്ട്.ബസ് ഉടമകളും ജീവനക്കാരും എടക്കാട് ഒ.കെ.യുപി സ്കൂൾ അടിപ്പാത ആക്‌ഷൻ കമ്മിറ്റിയും നിരന്തരം നിവേദനങ്ങളും പരാതികളും നൽകിയിട്ടും വിഷയത്തിൽ ദേശീയപാത അതോറിറ്റി മൗനത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com