ADVERTISEMENT

കോളയാട് ∙ കർഷകരും വനപാലകരും കാവലും കരുതലും ശക്തമാക്കിയതോടെ കഴിഞ്ഞ ഒൻപത് ദിവസം കോളയാട് പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ കൃഷിയിടത്തിലേക്ക് ഇറങ്ങി കൃഷി നശിപ്പിച്ച കാട്ടാനകൾക്ക് ഇന്നലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. 

ആദ്യ അഞ്ചു ദിവസം ചെമ്പുക്കാവ് മേഖലയിലെ ചാരാംകുന്ന്, മാങ്ങാട്, വിരിച്ചാൽ ഭാഗങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. ഇതോടെ ഇവിടെ നിന്നും തുരത്തിയ ആനകൾ കറ്റ്വാട് എത്തി കൃഷി നശിപ്പിച്ചു. ഈ ഭാഗങ്ങളിൽ കർഷകർ കൂടുതൽ ശ്രദ്ധ നൽകിയതോടെയാണ് കാട്ടാന ചെക്കേരി കുട്ടിവളപ്പിൽ എത്തി കൃഷി നശിപ്പിച്ചത്. ഇവിടെ നിന്നും ആണ് നെടുംപൊയിൽ ചേക്കേരി കരിമ്പിൽ ഇറങ്ങി കൃഷി നശിപ്പിച്ചത്. എട്ടു ദിവസം കൊണ്ട് 3000-ത്തോളം വാഴകൾ, 100 കണക്കിന് കമുക്, 15 തെങ്ങ്, കുരുമുളക്, കരനെല്ല്, കപ്പ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.

വാച്ചർമാരെ നിയമിക്കണം; ജാഗ്രത സമിതി 
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനകൂട്ടം ഏക്കർ കണക്കിന് കൃഷികൾ നശിപ്പിക്കുകയും കാട്ടുപോത്തുകൂട്ടം വഴിയാത്രക്കാരെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി വനംവകുപ്പ് വാച്ചർമാരെ നിയമിക്കണമെന്ന് പഞ്ചായത്ത് ജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എം.റിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനം, പൊലീസ്, കൃഷി, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും കർഷക സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

കണ്ണവം, കൊട്ടിയൂർ റിസർവ് വനങ്ങൾ അതിര് പങ്കിടുന്ന പഞ്ചായത്തിൽ ജനവാസ മേഖലയും വനവും അതിര് പങ്കിടുന്ന സ്ഥലത്ത് സോളർ ഫെൻസിങ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന അതിർത്തിയോട് ചേർന്നുള്ള തലശ്ശേരി-ബാവലി അന്തർ സംസ്ഥാന പാതയിൽ യാത്രക്കാർക്ക് ഭീഷണിയാവുന്ന വൻ മരങ്ങളും, ഉണങ്ങിയ മുളങ്കൂട്ടങ്ങളും മുറിച്ച് മാറ്റുന്നതിനും സർക്കാരിലേക്ക് ശുപാർശ ചെയ്യുമെന്ന് വനം റേഞ്ച് ഓഫിസർ സുധീർ നാരോത്ത് പറഞ്ഞു. 

  മുൻപ് വന്യമൃഗ ശല്യത്താൽ കൃഷി നഷ്ടപ്പെട്ടവർക്കുളള ആനുകൂല്യങ്ങൾ നൽകിയെന്നും പുതുതായി നഷ്ടപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ഉടൻ സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. റ്റവും അധികം കാട്ടാന ശല്യമുള്ള പെരുവ മേഖലയിൽ സോളർ ലൈറ്റ് വയ്ക്കുന്നതിന് ശുപാർശ ചെയ്യാനും പുതിയ 10 വാച്ചർമാരെ താൽക്കാലികമായി നിയമിക്കാനും ശുപാർശ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.റിജി യോഗത്തിൽ പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കുഞ്ഞമ്മദ്, റോയ് പൗലോസ്, എ.ഷാജു, പി.പ്രഹ്ലാദൻ, കെ.പി.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.  പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

പ്രത്യക്ഷ സമരമെന്ന് കുറിച്യ മുന്നേറ്റ സമിതി
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ കുറിച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി. ജില്ലാ  കലക്‌ടറേറ്റ്, ഡിഎഫ്ഒ, കണ്ണവം റേഞ്ച് ഓഫിസ്, കോളയാട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സമരം നടത്താൻ ഒരുങ്ങുന്നത്. കോളയാട് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.സതീശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ബിജേഷ്, വൈസ്.പ്രസിഡന്റ് സി.സജീവൻ, പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com