ADVERTISEMENT

മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിൽ ചിതറിക്കിടക്കുന്ന കല്ലുകൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. ബീച്ച് നവീകരണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയാണ് കല്ലുകൾ മാറ്റുന്നത്. ഈ കരിങ്കല്ലുകൾ മറ്റേതെങ്കിലും നിർമാണങ്ങൾക്ക് ഉപയോഗിക്കുമെന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ച്ചർ ഡവലപ്മെന്റ് കോർപറേഷൻ അധികൃതർ പറഞ്ഞു.ബീച്ചിലെ നടപ്പാതയുടെയും വിശ്രമ കേന്ദ്രത്തിന്റെയും കോൺക്രീറ്റ് പണി നടത്തുമ്പോൾ ത‌ിരയെ പ്രതിരോധിക്കാനിട്ട കല്ലുകളാണ് ഇവ. വേനൽ മഴയ്ക്കിടെ ഉണ്ടായ കടൽക്ഷോഭത്തിൽ കല്ലുകൾ കടലിലേക്കും ബീച്ചിലേക്കും ഒഴുകിയെത്തുകയായിരുന്നു. ബീച്ചിലാകെ കല്ലുകൾ ചിതറിക്കിടന്നത് കാരണം വാഹനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശിക്കാനോ സന്ദർശകർക്ക് ബീച്ചിലൂടെ നടക്കാനോ കഴിഞ്ഞിരുന്നില്ല.




ഡ്രൈവ് ഇൻ ബീച്ചിൽ നിർമാണം പുരോഗമിക്കുന്ന നടപ്പാതയിലേക്കുള്ള പ്രവേശനം നിരോധിച്ച് വേലി കെട്ടുന്നു. ചിത്രം: മനോരമ
ഡ്രൈവ് ഇൻ ബീച്ചിൽ നിർമാണം പുരോഗമിക്കുന്ന നടപ്പാതയിലേക്കുള്ള പ്രവേശനം നിരോധിച്ച് വേലി കെട്ടുന്നു. ചിത്രം: മനോരമ

ഡ്രൈവ് ഇൻ ബീച്ചിൽ വലിയ കരിങ്കല്ലുകൾ ചിതറിക്കിടക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട അധികൃതർ കല്ലുകൾ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ബീച്ചിന്റെ എടക്കാട് മഠം ഭാഗം വരെ കല്ലുകൾ ചിതറിക്കിടക്കുന്നുണ്ട്. കല്ലുകൾ മാറ്റാൻ ദിവസങ്ങൾ എടുത്തേക്കും.

ബീച്ച് നവീകരണം ഒന്നാം ഘട്ടംസെപ്റ്റംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യം
ഡ്രൈവ് ഇൻ ബീച്ച് നവീകരണത്തിന്റെ ഒന്നാം ഘട്ടം സെപ്റ്റംബറോടെ പൂർത്തിയാക്കി സന്ദർശകർക്ക് തുറന്ന് കൊടുക്കാനാവുമെന്ന് പ്രതീക്ഷ. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 233.71 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 79.51 കോടി രൂപയുടെ നടപ്പാത, വിശ്രമ കേന്ദ്രം, കുട്ടികൾക്കുള്ള കളി സ്ഥലം, പാർക്കിങ് കിയോസ്കുകൾ, ലാൻഡ് സ്കോപ്പിങ്,  നടപ്പാതയിൽ ഉയര വിളക്കുകൾ, ശുചിമുറികൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്. 

1.2 കിലോ മീറ്ററിൽ നിർമാണം പുരോഗമിക്കുന്ന നടപ്പാത, വിശ്രമ കേന്ദ്രം എന്നിവയിൽ രാത്രി സാമൂഹികവിരുദ്ധ ശല്യം ഉണ്ടെന്നും നിർമാണങ്ങൾക്ക് കേട് വരുത്തുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനെ തുടർന്ന് ബീച്ചിന്റെ എടക്കാട് ഭാഗത്തെ നടപ്പാതയിലെ പ്രവേശന കവാടത്തിൽ ഇന്നലെ വേലികെട്ടി. ബീച്ചിന്റെ തെക്ക് ഭാഗത്ത് വാട്ടർസ്പോർട്സ് ഒരുക്കും. ധർമടം തുരുത്തിൽ പ്രകൃതി കേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്. ബീച്ച് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണികൾ നടത്തുന്നത്. സുരക്ഷിതമായ ബീച്ച് ഒരുക്കുന്നതിന്റെ ഭാഗമായി ഡ്രൈവ് ഇൻ ബീച്ചിന്റെ പ്രവർത്തനങ്ങൾ വടക്ക് ഭാഗത്ത് മാത്രമായി പരിമിതപെടുത്താനും 
പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com