ADVERTISEMENT

കണ്ണൂർ ∙ ഏതു നിമിഷവും തകർന്ന് വീഴാൻ സാധ്യതയുള്ള ജില്ലാ പാഠ പുസ്തക ഡിപ്പോ കെട്ടിടത്തിനോട് ചേർന്നുള്ള  കാനത്തൂർ നോർത്ത് അങ്കണവാടി അപകടഭീഷണിയുടെ നിഴലിൽ. മേൽക്കൂരയിലെ കഴുക്കോലും പട്ടികകളും ദ്രവിച്ച് ഓടുകൾ ഇളകി ഏത് സമയവും വീഴാൻ പാകത്തിനാണ് പയ്യാമ്പലത്തെ ജില്ലാ പാഠപുസ്തക ഡിപ്പോ.

കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഓട് തലയിൽ വീണാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ എം.എം.ബെന്നിക്ക് പരുക്കേറ്റത്. ഇദ്ദേഹത്തിന് തലയിൽ 11 തുന്നലുകൾ വേണ്ടി വന്നു. അധ്യാപകന്റെ തലയിൽ ഓടുകൾ വീണ സ്ഥലത്തുകൂടെയാണ് രക്ഷിതാക്കൾ കുട്ടികളെയും കൂട്ടി അങ്കണവാടിയിലേക്കും തിരിച്ചും പോകുന്നത്. ഡിപ്പോയിൽ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകരും മറ്റ് ജീവനക്കാരും ഭീതിയോടെ മുകളിലേക്ക് നോക്കിയാണ് നടക്കുന്നത്. ‌

കണ്ണൂർ ഇടച്ചേരിവയലിൽ വൈദ്യുതി എത്താത്ത അങ്കണവാടി. ഈ കെട്ടിടത്തിനു ചുറ്റും കാട് വളർന്ന നിലയിലാണ്. കെട്ടിടത്തോടു ചേർന്ന് വൈദ്യുതി തൂണും കാണാം.  ചിത്രം: മനോരമ
കണ്ണൂർ ഇടച്ചേരിവയലിൽ വൈദ്യുതി എത്താത്ത അങ്കണവാടി. ഈ കെട്ടിടത്തിനു ചുറ്റും കാട് വളർന്ന നിലയിലാണ്. കെട്ടിടത്തോടു ചേർന്ന് വൈദ്യുതി തൂണും കാണാം. ചിത്രം: മനോരമ

അങ്കണവാടിയും ഡിപ്പോയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്കതമാണ്. തകർച്ചാ ഭീഷണിയുള്ളതിനാൽ ഇത്തവണ പാഠ പുസ്തകങ്ങളുടെ വിതരണം നേരത്തെ നടത്തിയിരന്നു. ബാക്കി പുസ്തകങ്ങൾ സമീപത്തെ ഹയർസെക്കൻഡറി മേഖലാ ഉപമേധാവി ഓഫിസ് കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

പകരം കെട്ടിടം കണ്ടെത്തിയില്ലെങ്കിൽ രണ്ടാം ഘട്ട പുസ്തക വിതരണത്തിന് പുസ്തകങ്ങൾ വന്നാൽ തകർച്ച നേരിടുന്ന ഈ കെട്ടിടത്തിൽ തന്നെ സൂക്ഷിക്കേണ്ടിവരും. ചോർന്നൊലിക്കുന്ന കെട്ടിടമായത് കൊണ്ട് പുസ്തകം വച്ചയുടനെ ചിതലരിക്കും. സമീപത്തെ പയ്യാമ്പലം ഗവ.ഗേൾസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന ഏതെങ്കിലും കെട്ടിട ഭാഗത്തേക്ക് അങ്കണവാടി മാറ്റണമെന്നും  ഇക്കാര്യത്തിൽ ജ‌നപ്രതിനിധികൾ ഇടപെടണമെന്നുമാണ് രക്ഷിതാക്കക്കളുടെ ആവശ്യം.

ചുമട്ടുതൊഴിലാളികൾക്ക് മാത്രം ഉത്കണ്ഠ
ജില്ലാ പാഠ പുസ്തക ഡിപ്പോയ്ക്ക് സമീപത്തെ കൂറ്റൻ മരം ഡിപ്പോ കെട്ടിടത്തിന്റെ ഓടു മേഞ്ഞ മേൽക്കൂരയിലേക്ക് ചാഞ്ഞ് നിൽക്കുന്ന രീതിയിലായിരുന്നു. മരത്തിന്റെ ചില കൊമ്പുകൾ ഓട് തുളച്ച് അകത്തേക്ക് കയറിയ സ്ഥിതിയിലും. ഇവിടേക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്ന ലോറികളിൽ നിന്ന് പുസ്തക കെട്ടുകൾ ഇറക്കുന്ന ചുമട്ടു തൊഴിലാളികളാണ് മേൽക്കൂരയിലേക്ക് ചാഞ്ഞു കിടന്ന, ഓടുകളുടെ വിടവിലൂടെ അകത്തേക്ക് വളർന്നിരുന്ന കൊമ്പുകൾ മുറിച്ച് മാറ്റിയിരുന്നത്. ഡിപ്പോ പ്രവർത്തിക്കുന്ന ഈ കെട്ടിടം 1980 കളിൽ പഴയ കാനത്തൂർ സ്കൂളിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് പയ്യാമ്പലം ഗേൾസ് ഹൈസ്കൂളിന്റെ ഭാഗമായി. കെട്ടിടം തകർച്ചയിലായതോടെ ഈ കെട്ടിടത്തിൽ നിന്ന് സ്കൂൾ ഒഴിവാക്കി.

അവഗണനയുടെ ഇരുട്ടിൽ അങ്കണവാടികൾ
കണ്ണൂർ ∙ വൈദ്യുതിയെത്തുന്നതും  കാത്ത് നഗരമധ്യത്തിൽ കോർപറേഷൻ പരിധിയിൽ പുഴാതി സോണിലെ പുല്ലൂപ്പി, കൊളപ്പാല, കുഞ്ഞിപ്പള്ളി, ഓലാട്ടുചാൽ, എടച്ചേരി വയൽ, എടച്ചേരി എന്നീ അങ്കണവാടികൾ. കഴിഞ്ഞ വേനലിൽ ചുട്ടുപൊള്ളുന്ന ചൂടിൽ കുഞ്ഞുങ്ങൾ വിയർത്തൊഴുകുന്ന സ്ഥിതിയായിരുന്നു. മാനംമൂടിക്കെട്ടി മഴ പെയ്യുമ്പോൾ അങ്കണവാടികളുടെ അകത്ത് ഇരുട്ടു പരക്കും. എടച്ചേരി വയൽ അങ്കണവാടി ഒഴികെ മറ്റിടങ്ങളിൽ വയറിങ് പൂർത്തിയായിട്ട് മാസങ്ങളായി. എന്നിട്ടും കണക്‌ഷൻ നൽകുന്നത് കോർപറേഷനും കെഎസ്ഇബിയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയാണ്. 

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എടച്ചേരി വയൽ അങ്കണവാടി. സമീപം പുതിയ കെട്ടിടം നിർമിച്ച് അവിടേക്ക് അങ്കണവാടി മാറ്റുന്നതിനാലാണ് നിലവിലെ കെട്ടിടത്തിൽ വയറിങ് നടത്താത്തത് എന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. കെട്ടിട നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. അതുവരെ കുട്ടികളെ ഇരുട്ടത്ത് ഇരുത്തുന്നതു ശരിയല്ലെന്ന് കഴിഞ്ഞ ദിവസം വിഷയം ജില്ലാ വികസന സമിതിയിൽ ചർച്ചയായപ്പോൾ കലക്ടർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സോളർ പ്ലാന്റ് സ്ഥാപിച്ച് എടച്ചേരിവയലിലെ അങ്കണവാടി കെട്ടിടം വൈദ്യുതീകരിക്കാനുള്ള ആലോചനയും നടന്നിരുന്നു. 87,000 രൂപ ചെലവു വരുമെന്നാണ് അനെർട്ട് അറിയിച്ചത്. ഇലക്ട്രിക് തൂണിനോടു ചേർന്നാണ് ഇടച്ചേരി വയലിലെ അങ്കണവാടി കെട്ടിടം. ഒരു ലൈറ്റും ഒരു ഫാനും മാത്രമാണ് കുട്ടികളുടെ ആവശ്യത്തിന് വേണ്ടിവരിക. ഇതിനായി എന്തിനാണ് ഇത്രയും കാലതാമസവും സാങ്കേതിക കുരുക്കുകളും നിരത്തുന്നത് എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്. ഇടച്ചേരി വയലിലെ അങ്കണവാടി കെട്ടിടത്തിന്റെ പരിസരമാകെ കുറ്റിക്കാടും പുല്ലും പടർന്ന സ്ഥിതിയാണ്.  ഇതു വെട്ടിവൃത്തിയാക്കാനും കോർപറേഷൻ അധികൃതർ തയാറായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com