വീണ്ടും സ്പെഷൽ സെനറ്റ് വിളിച്ചു ചേർക്കണം: കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം
Mail This Article
കണ്ണൂർ ∙ ഇടതുപക്ഷവുമായി ഒത്തുചേർന്നുള്ള വൈസ് ചാൻസലർ (വിസി) ഡോ. സാജുവിന്റെ രഹസ്യധാരണ മിനിറ്റ്സ് വന്നപ്പോൾ മറനീക്കി പുറത്തുവന്നുവെന്ന് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം ആരോപിച്ചു. മൂന്നാമത്തെ അജണ്ട പിൻവലിച്ചു എന്നതിന്റെ അർഥം നോമിനിയെ നൽകേണ്ട എന്നല്ല. ചാൻസലറും വൈസ് ചാൻസലറും ഇടപെട്ടാൽ ആവശ്യമെങ്കിൽ ഇനിയും സ്പെഷൽ സെനറ്റ് വിളിച്ചുകൂട്ടി പുതിയ അജണ്ടയിലൂടെ നോമിനിയെ നൽകാൻ കഴിയും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ അംഗങ്ങളുടെ സമയോചിത ഇടപെടലിലൂടെ പിൻവലിക്കാൻ നിർബന്ധിതരായപ്പോൾ, ഇടതുപക്ഷം കൊണ്ടുവന്ന മറുതന്ത്രം ആയ അജണ്ട പിൻവലിക്കലിന് വിസി കൂട്ടുനിന്നു എന്നത് ദൗർഭാഗ്യകരമാണ്. അജണ്ട പിൻവലിക്കുക എന്നുള്ളത് വിസി സാജുവിന്റെ രഹസ്യ അജണ്ടയായിരുന്നു എന്നത് ഇതിനാൽ തന്നെ വ്യക്തം.
തെറ്റിദ്ധരിപ്പിക്കുന്ന മിനിറ്റ്സ് അടിയന്തര പ്രാധാന്യത്തോടെ തിരുത്തണം. വിസിക്ക് ധാർമികതയുണ്ടെങ്കിൽ ഇടതുപക്ഷ ഗൂഢാലോചന കെണിയിൽ ഉൾപ്പെട്ടു എന്ന് അംഗീകരിച്ച് ഉടൻ തന്നെ വീണ്ടും സ്പെഷൽ സെനറ്റ് വിളിച്ചു ചേർക്കണം. സെനറ്റ് മീറ്റിങ്ങിൽ നടന്ന സംഭവവികാസങ്ങൾ ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും സെനറ്റേഴ്സ് ഫോറം തീരുമാനിച്ചു.