തെരുവുനായ്ക്കൾക്കായി അറവുമാലിന്യം കൊണ്ടിട്ട ആൾക്ക് പിഴ – വിഡിയോ
Mail This Article
ശ്രീകണ്ഠപുരം ∙ ടൗണിലെ പുഴയോരത്ത് തെരുവുനായ്ക്കൾക്കു തിന്നാൻ അറവുമാലിന്യം കൊണ്ടിട്ട പരിപ്പായി സ്വദേശിക്ക് നഗരസഭ പിഴയിട്ടു. ടേക്ക് എ ബ്രേക്കിന് സമീപം സ്ഥിരമായി രാത്രി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നഗരത്തിലെ യുവാക്കൾ വിഡിയോയിൽ ചിത്രീകരിച്ച് നഗരസഭയെ അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ് നഗരസഭാ അധികൃതർ 5000 രൂപ പിഴയിട്ടു.
വിഡിയോ ചിത്രീകരിച്ച കെ.കെ.ബഷീർ, കെ.പി.ഇബ്രാഹിം, കെ.അനീസ് , ബിജി കാവിൽമൂല, ശിഹാബ് അലങ്കാരം, ഷനീഹ് കാളിയത്ത്, പി.സി.റഹീബ് എന്നിവരെ നഗരസഭ അനുമോദിച്ചു. അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഇവർക്കു പുരസ്കാരം നൽകി. അറവുമാലിന്യം തള്ളുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 10% ഇതുപോലെ പ്രോത്സാഹന സമ്മാനമായി നൽകുമെന്ന് നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ എന്നിവർ അറിയിച്ചു. മടമ്പം മേരീലാൻഡ് ഹൈസ്കൂളിൽ പഠിക്കുന്ന 2 കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിച്ചു പരുക്കേൽപിച്ചതു 2 ദിവസം മുൻപാണ്.
മാലിന്യം തള്ളിയാൽ ക്യാമറയിൽ പതിയും
തെരുവുനായ്ക്കൾക്കു തീറ്റയാകുംവിധം നഗരസഭാ പരിധിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ശിക്ഷ വീട്ടിലെത്തും. മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ പുതുതായി ക്യാമറകൾ സ്ഥാപിച്ചു. പയ്യാവൂർ റോഡിൽ അമ്മക്കോട്ടം അമ്പലത്തിന്റെ പരിസരത്തും ഇരിട്ടി റോഡിൽ കോട്ടൂർ, പെരുവളത്തുപറമ്പ് പ്രദേശങ്ങളിലും മാലിന്യം തള്ളുന്നതു വലിച്ചെറിയുന്നത് പതിവായിരുന്നു. ഇവിടെയെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണ്. പ്രധാന കേന്ദ്രങ്ങളിൽ 3 ക്യാമറ കൂടി സ്ഥാപിച്ചു. നേരത്തെ 16 ക്യാമറകൾ സ്ഥാപിച്ചിരുന്നു.