കർക്കടകക്കഞ്ഞി ഫെസ്റ്റ് തുടങ്ങി
Mail This Article
കണ്ണൂർ ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് കർക്കടകക്കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു. കൂടെ ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപന്ന പ്രദർശന വിപണന മേളയും നടക്കുന്നുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുക. കർക്കടക്കഞ്ഞി, കർക്കടകപ്പാനീയം. കർക്കടകപ്പായസം തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭക്ഷ്യമേള. കർക്കടക മരുന്ന്, പോഷകപ്പൊടി, ഈന്തപ്പഴ ലേഹ്യം, കർക്കടകക്കഞ്ഞിയും കിറ്റും, മുളയരിപ്പായസം എന്നിവ ഇവിടെ ലഭ്യമാണ്.
കൂടാതെ കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന കമ്പറവപ്പൊടി, കൂവപ്പൊടി, അച്ചാറുകൾ, മഞ്ഞൾ, മസാലപ്പൊടികൾ തുടങ്ങിയ നാടൻ ഉൽപന്നങ്ങളും വാങ്ങാം. ഓഗസ്റ്റ് 2നു സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കലക്ടർ അരുൺ കെ.വിജയൻ, അസി.കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.