ADVERTISEMENT

കണ്ണൂർ ∙ രാത്രി 12 ഓടെ വീശിയടിച്ച ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി നാശനഷ്ടം. പാപ്പിനിശേരി ചുങ്കത്ത് റോഡിനു കുറുകെ മരം വീണതിനെ തുടർന്ന് തളിപ്പറമ്പ് - വളപട്ടണം ദേശീയപാതയിൽ മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വാരം ജുമാ മസ്ജിദിനു സമീപം മരം വീണ് ഗതാഗതം പൂർണമായും മുടങ്ങി.

heavy-wind-damage-2
വെങ്ങര റെയിൽവേ ഗേറ്റിന് സമീപം വയക്കര ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ.

നഗരത്തിൽ എൽഐസി റോഡിലും മരം കടപുഴകി വീണു. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയാണ് മൂന്നിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂർ- മട്ടന്നൂർ റൂട്ടിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. ചാലോട് കൊളോളത്തും മരം വീണ് ഗതാഗതം മുടങ്ങി. കണ്ണൂർ സൗത്ത് ബസാറിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് പാറിപ്പോയി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണവും മണിക്കൂറുകളോളം മുടങ്ങി.

heavy-wind-damage-4
ഉളുക്കൽ പഞ്ചായത്തിലെ പരിക്കളം മേഖലയിൽ വീടുകളുടെ മേൽ മരം കടപുഴകി വീണപ്പോൾ.

കണ്ണൂർ∙ വെങ്ങര റെയിൽവേ ഗേറ്റിന് സമീപം ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഗേറ്റിന് സമീപത്തെ വയക്കര ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂര തകർന്നു. മരങ്ങൾ കടപുഴകി വീണു.

പരിക്കളം ∙ ഉളുക്കൽ പഞ്ചായത്തിലെ പരിക്കളം മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായി. ഇരുപതോളം വീടുകളുടെ മേൽ മരം വീണു. നൂറുകണക്കിന് റബർ മരങ്ങളും മറ്റുമരങ്ങളും കടപുഴകി. 

heavy-wind-damage-1
വെങ്ങര റെയിൽവേ ഗേറ്റിന് സമീപം കടപുഴകി വീണ മരം

ഇരിക്കൂർ ∙ ഇന്ന് പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വൈദ്യുത ലൈനിൽ മരം വീണ് ഇരിക്കൂർ സെക്‌ഷൻ പരിധിയിൽ വ്യാപകനാശം. കുട്ടാവ്, കൊവുന്തല, പതിനാറാംപറമ്പ്, തലക്കോട്, അടിച്ചേരി എന്നിവിടങ്ങളിൽ തൂണുകളും ലൈനുകളും തകർന്നു. വിവിധ പ്രദേശങ്ങളിലായി 15 ഓളം ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നു. ചില സ്ഥലങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസമുണ്ടായി.

ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിയും കണ്ണൂർ വാരത്ത് വീണ  മരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു.
ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിയും കണ്ണൂർ വാരത്ത് വീണ മരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു.

പാപ്പിനിശ്ശേരി ∙ ശക്തമായ കാറ്റിലും മഴയിലും പാപ്പിനിശ്ശേരി മേഖലയിലും വ്യാപക നാശനഷ്ടം. ദേശീയപാത ചുങ്കത്ത് 4 കൂറ്റൻ മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. രാത്രി 1 മുതൽ പുലർച്ചെ 3.30 വരെ ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു.

heavy-wind-damage-5
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടിവീണപ്പോൾ.

ഇരിണാവ് ∙ ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരിണാവ് കോസ്റ്റ് ഗാർഡിന് സമീപം പി.പി.കുഞ്ഞാറ്റബീവിയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.

അർധരാത്രിയുണ്ടായ കാറ്റിലും മഴയിലും കണ്ണൂർ കക്കാട് റോഡിലേക്ക് തകർന്നു വീണ മേൽക്കൂര
അർധരാത്രിയുണ്ടായ കാറ്റിലും മഴയിലും കണ്ണൂർ കക്കാട് റോഡിലേക്ക് തകർന്നു വീണ മേൽക്കൂര

രാമന്തളി ∙ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ രാമന്തളി വടക്കുമ്പാട് രണ്ടു വീടുകൾ ഭാഗികമായി തകർന്നു. വടക്കുമ്പാട് കെ.സി പാലത്തിനു സമീപം കെ.വി.പ്രസീതയുടെ തൊഴുത്തിന്റെ ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂര പറന്നുപോയി തൊട്ടടുത്തുള്ള ഓട് മേഞ്ഞ വീടിനുമുകളിൽ വീണു. ചുളക്കടവിന് സമീപം സി.എം.സറീനയുടെ സ്റ്റയർകെയ്സിനു മുകളില്‍ ഷീറ്റു കൊണ്ടു നിർമിച്ച മേൽക്കൂര തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com