ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ഇന്നലെ രാത്രിയിലാണു വൻ ശബ്ദത്തോടെ കാറ്റ് ആഞ്ഞു വീശിയത്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വീടിനു പുറത്തിറങ്ങാൻ പോലും പലരും ഭയപ്പെട്ടു. വാണിയംകുന്നിലെ പി.മോഹനന്റെ വീടിനു മുകളിലേക്ക് മരം പൊട്ടിവീണു. വീടിന്റെ ചുറ്റുമതിലും സമീപത്തെ ഷെഡും തകർന്നു. ഇതിനു പുറമേ പുതുതായി നിർമിക്കുന്ന ഷെഡിന്റെ ഇഷ്ടികയും മേൽക്കൂരയും വാതിലും തകർന്നതിൽ ഉൾപ്പെടും. മരം വീടിന്റെ പാരപ്പറ്റിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി. കോലുവള്ളി-ഭൂദാനം റോഡിലെ കോടിയത്ത് രാഘവന്റെ കൃഷിയിടത്തിൽനിന്നു റബർ, കമുക്, മഹാഗണി തുടങ്ങിയവ ശക്തമായ കാറ്റിൽ കടപുഴകി വീണു. ഇതേത്തുടർന്ന്, സമീപത്തെ ചുറ്റുമതിലും തകർന്നു. 

ചുഴലിക്കാറ്റിൽ തൊഴുത്തിന്റെ മേൽക്കൂര പാറി വീണ് തകർന്ന രാമന്തളി വടക്കുമ്പാട് കെ.വി.പ്രസീതയുടെ വീട്.
ചുഴലിക്കാറ്റിൽ തൊഴുത്തിന്റെ മേൽക്കൂര പാറി വീണ് തകർന്ന രാമന്തളി വടക്കുമ്പാട് കെ.വി.പ്രസീതയുടെ വീട്.

പുളിങ്ങോത്തെ കാണിക്കാരൻ തമ്പായിയുടെ വീടിന്റെ സംരക്ഷണമതിലും മഴയിൽ നിലംപൊത്തി. പ്രാപ്പൊയിൽ കക്കോട്ടെ തോറ്റിയാറ്റിൽ ജനാർദനന്റെ വീടിനു മുകളിലേക്ക് കമുക് ഒടിഞ്ഞു വീണതിനെ തുടർന്നു വീട് ഭാഗികമായി തകർന്നു. പട്ടത്തുവയലിലെ മിനി ടോമിയുടെ കോഴിക്കൂടിനു മുകളിലേക്കു മരം ഒടിഞ്ഞു വീണതിനെ തുടർന്നു കൂട് പൂർണമായും തകരുകയും കോഴികൾക്ക് പരുക്കേൽക്കുകയും ചെയ്തു. ചുണ്ട തൊട്ടിക്കുണ്ടിൽ മരം വീണു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോലുവള്ളി പ്രിയദർശിനി ക്ലബ്ബിനു മുകളിൽ മരം വീണു നാശനഷ്ടമുണ്ടായി. വാഴക്കുണ്ടത്തെ വളവനാട്ട് ആന്റണിയുടെ ചായക്കടയുടെ മുകളിലേക്ക് മരം വീണു നാശമുണ്ടായി.

1.വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ വയക്കര ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് തകർന്ന നിലയിൽ, 2. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ പാറയിൽ കമലയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ നിലയിൽ. 3. ഏഴോം കോട്ടുമണലിലെ ടി.ബോസിന്റെ വീടിന് മുകളിൽ മരം പൊട്ടി വിണ നിലയിൽ. 4.മാടായി സിഎസ്ഐചർച്ചിന് സമീപത്തെ ഇടച്ചേരിയൻ ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ നിലയിൽ. 5.ബീവിറോഡിൽ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാർ ശ്രമം. 6 പഴയങ്ങാടി റിവർവ്യൂ പാർക്കിലെ ഇരിപ്പിട സൗകര്യത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ.
1.വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ വയക്കര ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് തകർന്ന നിലയിൽ, 2. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ പാറയിൽ കമലയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ നിലയിൽ. 3. ഏഴോം കോട്ടുമണലിലെ ടി.ബോസിന്റെ വീടിന് മുകളിൽ മരം പൊട്ടി വിണ നിലയിൽ. 4.മാടായി സിഎസ്ഐചർച്ചിന് സമീപത്തെ ഇടച്ചേരിയൻ ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ നിലയിൽ. 5.ബീവിറോഡിൽ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാർ ശ്രമം. 6 പഴയങ്ങാടി റിവർവ്യൂ പാർക്കിലെ ഇരിപ്പിട സൗകര്യത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ.

വാഴക്കുണ്ടത്തെ ചാലിൽ ഷിബു, പൊടിമറ്റത്തിൽ മാണി, ചൊവ്വാറ്റുകുന്നേൽ സ്കറിയ തുടങ്ങിയവരുടെ കൃഷികളും മരം വീണുനശിച്ചു. പാലാന്തടത്തെ എൻ.എം.ഫാത്തിമയുടെ വീടിനു മുകളിൽ മരം വീണു ഷീറ്റുകൾ തകർന്നു. കൊല്ലാടയിലെ മീത്തലെപുരയിൽ ലൈല, കിഴക്കേ താഴത്ത് ജോസഫ് എന്നിവരുടെ കമുകും കാറ്റിൽ നശിച്ചു. വയലായിലെ അഴകത്ത് ജോസഫ് ബൗസലിയുടെ നൂറ്റൻപതിലേറെ കുലച്ച ഏത്തവാഴ കാറ്റിൽ നശിച്ചു. നാശനഷ്ടം ഉണ്ടായ പുളിങ്ങോത്തും സമീപ പ്രദേശങ്ങളിലും പഞ്ചായത്ത് അംഗം സിബി എം.തോമസ് സന്ദർശിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മലയോരത്ത് രാത്രി കനത്ത കാറ്റും മഴയുമാണു അനുഭവപ്പെടുന്നത്.

പെരിങ്ങോം പുലിക്കിയിലെ മാളിയേക്കൽ അപ്പച്ചന്റെ വീട് തകർന്ന നിലയിൽ.
പെരിങ്ങോം പുലിക്കിയിലെ മാളിയേക്കൽ അപ്പച്ചന്റെ വീട് തകർന്ന നിലയിൽ.

പെരിങ്ങോത്ത് പത്തോളം വീടുകൾ തകർന്നു
പെരിങ്ങോം ∙ ശക്തമായ കാറ്റിലും മഴയിലും പെരിങ്ങോം വില്ലേജിൽ വ്യാപകമായ നാശം. പത്തോളം വീടുകൾ തകർന്നു. വ്യാപകമായ കൃഷി നാശവും സംഭവിച്ചു. തെങ്ങ്, കമുക്, തേക്ക്, റബർ തുടങ്ങിയ മരങ്ങൾ കടപുഴകി വീണാണ് മിക്ക വീടുകളും തകർന്നത്. പെരിങ്ങോം, കെ.പി.നഗർ, ചിലക്, പുലിക്കി പ്രദേശങ്ങളും, പെടേന, ഓടമുട്ട് ഭാഗങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. പെടേന ഗവ. എൽപി സ്കൂളിന്റെ ഓടുകൾ പാറിപ്പോയി. പെടേന ജുമാമസ്ജിദിന് സമീപം റോഡിന് കുറുകെ തെങ്ങ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. പെടേനയിലെ ടി.പി.ബീഫാത്തിമ, ടി.പി.മിസിരിയ്യ, എം.പി.സൈനബ, തറമ്മൽ മറിയം, കീരന്റകത്ത്സുമയ്യ, മുനീർ, പൊന്നന്റകത്ത് ഇബ്രാഹിം, പാമ്പാടി അലിമ എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 

പെരിങ്ങോം ചിലകിൽ മാമ്പള്ളി വൽസലൻ, പുതുകുളങ്ങര കാർത്യായനി, ഇരട്ടക്കുളത്തെ ശിവരാമൻ നായർ, കെ.പി.സുഹാസിനി, കെ.പി.വിശാഖ്, കെ.പി.സുകുമാരൻ നമ്പ്യാർ, ജി.ശങ്കരൻ കുട്ടി, പി.പി.പത്മനാഭൻ, മാളിയേക്കൽ അപ്പച്ചൻ, നിഷമോൾ എന്നിവരുടെ വീടുകൾ തകർന്ന നിലയിലാണ്. പെടേനയിലെ പൊന്നന്റകത്ത് ഇബ്രാഹിമിന്റെ വീടിന്റെ മേൽക്കുരയിലെ ആസ്പിറ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്ന നിലയിലാണ്. പെടേനയിലെ നരിക്കോടൻ മഹമൂദിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടം നശിച്ചു. പെരിങ്ങോത്തെ മാതൃകാ കർഷകൻ എൻ.പി.അബ്രഹാമിന്റെ കൃഷികൾ നശിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിക്കൃഷ്ണൻ, വില്ലേജ് ഓഫിസർ എ.കൽപന, യുഡിഎഫ് നേതാക്കളായ എ.കെ.രാജൻ, എം.ശ്രീധരൻ, കെ.എം.കുഞ്ഞപ്പൻ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.

പഴയങ്ങാടിയിൽ വൈദ്യുതി തടസ്സപ്പെട്ടു
പഴയങ്ങാടി ∙ ചുഴലിക്കാറ്റിൽ പഴയങ്ങാടി മേഖലയിൽ വ്യാപക നാശനഷ്ടം. എരിപുരം എബിസിക്ക് മുന്നിലെ സംസ്ഥാന പാതയിൽ മരം പൊട്ടിവീണ് ഗതാഗതതടസ്സം ഉണ്ടായി. വൈദ്യുത ലൈനും പൊട്ടിവീണു. ഇന്നലെ രാവിലെ പത്തരയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.  പഴയങ്ങാടി റെയിൽ അടിപ്പാത റോഡിലും മരം പൊട്ടിവീണ് ഗതാഗതതടസ്സം ഉണ്ടായി. രാത്രി നാട്ടുകാരും അഗ്നിരക്ഷാ സേനയും എത്തിയാണ് റോഡിൽ വീണ മരം മുറിച്ചുനീക്കിയത്.   ഏഴോം പൊടിത്തടത്തെ ടി.കണ്ണന്റെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. കോട്ടുമണലിസെ ടി.ബോസിന്റെ വീടിനുമുകളിൽ മരം പൊട്ടി വീണ് ബോസിന്റെ മകൻ ടി.അദ്വൈതിനു തലയ്ക്ക് പരുക്കേറ്റു.

വെങ്ങര റെയിൽവേ ഗേറ്റിനു സമീപത്തെ വയക്കര ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. അപകട സമയം ശ്രീനിവാസനും കുടുംബവും പുറത്തേക്ക്  ഇറങ്ങിയാണ് രക്ഷപ്പെട്ടത്. മാടായി വില്ലേജ് അധികൃതർ ഇവിടെയെത്തി നാശനഷ്ടം കണക്കാക്കി. റെയിൽവേ ഗേറ്റിനു സമീപത്ത് തന്നെ  മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുന്നിലെ കൂറ്റൻ മാവ് പൊട്ടിവീണു. മുട്ടം റോഡരികിലെ മരത്തിന് വൈദ്യുത ലൈനിൽ തീപിടിച്ച് കത്തിക്കരിഞ്ഞ നിലയിലാണ്. പഴയങ്ങാടി കോൺകോട് റോഡിൽ ആനക്കണ്ടി അബ്ദുല്ലയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. മുട്ടം കണ്ണാടി പളളിക്ക് സമീപത്തെ കുഞ്ഞമ്പുവിടിന് മുകളിൽ മരം പൊട്ടിവീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്.

വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ പളളിയിലെ വാട്ടർ ടാങ്ക് പൊട്ടിവീണു. പഴയങ്ങാടി കുളവയൽ റോഡിന് സമീപത്തെ ബിന്ദു പ്രകാശന്റെ വീടിന് മുകളിൽ മരം പൊട്ടിവീണു. വീടിന് കേടുപാട് സംഭവിച്ചു. വെങ്ങര വെൽഫെയൽ സ്കൂളിന് സമീപത്തെ പി.എം.നൂറുദിന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് നാശനഷ്ടം ഉണ്ടായി. സമീപത്തെ നരിക്കോടൻ ഖദീജ, എസ്.എ.പി. റഹ്മത്ത് എന്നിവരുടെ വീടിനുമുകളിലും മരം പൊട്ടി വീണു. കണ്ണോത്ത് അഞ്ചിങ്ങിൽ ക്ഷേത്രത്തിലെ കഴകപുരയ്ക്ക് മുകളിൽ തെങ്ങ് പൊട്ടിവീണ് മേൽക്കൂര തകർന്നു. ഏഴോം പൊടിത്തടത്തിൽ ഒട്ടേറെ വീടുകൾക്ക് മുകളിൽ മരം പൊട്ടിവീണ് നാശനഷ്ടം ഉണ്ടായി.  പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ കൃഷ്ണൻ നായർ റോഡിന് സമീപത്തെ കെ.കമലയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. മാടായിപ്പാറ വെങ്ങര റോഡ് കയറ്റിറക്കത്തിലും മരങ്ങൾ കടപുഴകിവീണു.

രാമന്തളി പഞ്ചായത്തിൽ വൻ നാശം
പയ്യന്നൂർ ∙ ബുധനാഴ്ച രാത്രിയിലുണ്ടായ ചുഴലിക്കാറ്റ് രാമന്തളി പഞ്ചായത്തിൽ വൻ നാശം വിതച്ചു. വടക്കുമ്പാട്, രാമന്തളി മേഖലകളിൽ മരങ്ങൾ വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. വടക്കുമ്പാട് 2 വീടുകൾ ഭാഗികമായി തകർന്നു. കെ.സി പാലത്തിന് സമീപം കെ.സി.പ്രസീതയുടെ തൊഴുത്തിന്റെ ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂര പറന്നുപോയി തൊട്ടടുത്തുള്ള ഓടുമേഞ്ഞ വീടിനു മുകളിൽ വീണ് വീടുതകർന്നു. ചുളക്കടവിന് സമീപത്തെ സി.എം.സറീനയുടെ വീടിനു മുകളിൽ ഷീറ്റ് കൊണ്ടു നിർമിച്ച മേൽക്കൂര തകർന്നു.രാമന്തളിയിൽ വി.പി.കല്യാണി, കോടിയത്ത് തറവാട്ട് വീട്.

കെ.പി.ഹരിദാസ്, കെ.വി.രവീന്ദ്രൻ, കെ.ടി.കാർത്യായനി അമ്മ, ടി.കെ.രമേശൻ എന്നിവരുടെ പറമ്പുകളിൽ മരങ്ങളും ഫലവൃക്ഷത്തൈകളും വാഴകളും നശിച്ചു. മരങ്ങൾ വീട് ഇവരുടെ വീടുകൾക്ക് ഭാഗികമായ നാശം സംഭവിച്ചിട്ടുണ്ട്. രാമന്തളി  പരുത്തിക്കാട് വി.പി.കല്യാണിയുടെ വീടിനു മുകളിൽ മരം പൊട്ടി വീണ് വീട് തകർന്നു. നാവിക അക്കാദമി പയ്യന്നൂർ ഗേറ്റിന് സമീപം ടി.കെ.ഗൗരി, കെ.പി.ഗൗരി, കെ.പി.ഹരിദാസൻ, ടി.കെ.രമേശൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. നിർമാണം നടക്കുന്ന രാമന്തളി വില്ലേജ് ഓഫിസിന്റെ മതിൽ തകർന്നു. 

വൈദ്യുതത്തൂണുകൾ പൊട്ടിവീണു
കരിവെള്ളൂർ ∙ ശക്തമായ കാറ്റിൽ കുണിയൻ, പുത്തൂർ എന്നിവിടങ്ങളിൽ നാല് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കുണിയൻ, ചെറുമൂല, ഓലാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ബൊമ്മാരടിയിലെ കൊയിലേരിയൻ ലക്ഷ്മി, തളിയിൽ നാരായണി, എം.ഓമന എന്നിവരുടെ വീടിനുമുകളിൽ മരം വീണു. ചള്ളച്ചാൽ, കരിങ്കുഴി എന്നിവിടങ്ങളിൽ നൂറോളം റബർ മരങ്ങൾ പൊട്ടിവീണു. കാങ്കോലിൽ ടി.പി.സൈഫുദ്ദീന്റെ വീടിനു മുന്നിലെ മാവ് കടപുഴകി വീണു. വൈപ്പിരിയം ജിതിന്റെ റബർ നഴ്സറിയുടെ മേൽ മരം വീണു. കരിങ്കുഴിയിൽ ശോഭയുടെ വീടിനു മുകളിൽ തെങ്ങ് വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com