ADVERTISEMENT

തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ തളിപ്പറമ്പിലും പരിസരങ്ങളിലും വ്യാപക നാശം. രാത്രി 12 ന് ശേഷമാണ് വിവിധ സ്ഥലങ്ങളിൽ കാറ്റ് വീശിയത്. ആന്തൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശമുണ്ടായി. തളിപ്പറമ്പ് നഗരം, പരിസരങ്ങൾ, പട്ടുവം പഞ്ചായത്ത് എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി, റോഡ് സംവിധാനങ്ങൾ ഇന്നലെ വൈകിട്ടും പൂർവസ്ഥിതിയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ആന്തൂർ നഗരസഭയിലെ ബക്കളം മഹാത്മാ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്ന് താഴെയുള്ള സോളർ വൈദ്യുതി സംവിധാനങ്ങൾക്കു മുകളിലേക്കു വീണു. മുകൾനിലയിൽ ഉറങ്ങിക്കിടന്ന രോഗികൾ താഴേക്ക് ഓടി രക്ഷപ്പെട്ടു. 

കടമ്പേരി സിആർസി വായനശാലയുടെ 2ാം നിലയിൽ നിർമാണം പൂർത്തിയായ ഹാളിന്റെ മേൽക്കൂരയും തകർന്ന് താഴെവീണു. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് മുൻപിൽ മരങ്ങൾ കടപുഴകി പറശ്ശിനിക്കടവ് റോഡിലേക്ക് വീണു.  സ്നേക്ക് പാർക്കിലും നാശനഷ്ടങ്ങൾ സംഭവിച്ചു. വീടുകളും മരങ്ങൾ വീണ് തകർന്നു. ബക്കളം സുൽത്താൻ റോഡിൽ ചെ ഗവേര ക്ലബ്ബിനു സമീപം ഹൈടെൻഷൻ വൈദ്യുതത്തൂൺ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു. തളിപ്പറമ്പ് ചിറവക്കിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. കാറിലുണ്ടായിരുന്നവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. 

ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരിയിലും മരങ്ങൾ കാറ്റിൽ വീണു. കൂവേരി മുണ്ടപ്ലാവ് തടിക്കടവൻ കുഞ്ഞിരാമൻ, പി.മാധവി എന്നിവരുടെ വീടാണ് മരം വീണ് തകർന്നത്. ആന്തൂർ നഗരസഭയിൽ കുറ്റിപ്പാല ഗിരിജ, പോള രവീന്ദ്രൻ, കണിച്ചേരി ശശി, കുറ്റിയിൽ സി.കെ.ശശീന്ദ്രൻ, പി.എം.പുഷ്പജൻ, പറശ്ശിനി അക്കരമ്മൽ സുധർമ, ആന്തൂർ കോളിയാടൻ പത്മിനി, തവളപ്പാറ പുതിയവീട്ടിൽ മനോഹരൻ, കടമ്പേരി മുതിരിക്കൽ പി.വി.രഘൂത്തമൻ, നെല്ലിയോട് വടക്കീൽ രാജൻ, മോറാഴ വാണീശ്വരം സജീഷ്, കൂവത്തോടൻ കരുണൻ, മമ്പാല മൂലയിൽ വിജിനി, തളിയിൽ പടിഞ്ഞാറെ രാമത്ത് വത്സല, സ്നേക്ക് പാർക്കിന് സമീപം വടക്കീൽ മനോഹരൻ എന്നിവരുടെ വീടുകൾ മരംവീണ് ഭാഗികമായി തകർന്നു.

പറശ്ശിനിക്കടവ് എംവിആർ സ്നേക് പാർക്കിലും ആയുർവേദ കോളജിലും മരങ്ങൾ വീണ് വ്യാപകമായ നഷ്ടം. പാർക്കിൽ കൂടുകൾക്ക് മുകളിലും സന്ദർശക പാതയിലും വ്യാപകമായി മരങ്ങൾ വീണു. സ്നേക്ക് പാർക്ക്‌ ഇന്നലെ പ്രവർത്തിച്ചില്ല. ആയുർവേദ കോളജിൽ വഴികളിൽ ഉള്ള മേൽക്കൂര മരം വീണു തകർന്നു. നഴ്സറി ഗാർഡനിലെ മരങ്ങൾ കടപ്പുഴകി വീണു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. സ്നേക്ക് പാർക്കിന് മുൻപിൽ റോഡിലെ വൈദ്യുത കമ്പികളും തൂണുകളും മരങ്ങൾ വീണ് തകർന്നു. ആന്തൂർ നഗരസഭയിൽ കാർഷിക മേഖലയിൽ 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. തെങ്ങുകൾ, റബർ, വാഴക്കൃഷി എന്നിവയാണ് വ്യാപകമായി നാശിച്ചത്.

പട്ടുവം പഞ്ചായത്തിലെ പറപ്പൂൽ, മുള്ളൂൽ, വെള്ളിക്കീൽ, അരിയിൽ, കയ്യംതടം മേഖലകളിലും കനത്ത നാശം സംഭവിച്ചു. കയ്യംതടം കെ.പി.സഹദേവന്റെ തൊഴുത്തിനു മുകളിൽ മരം വീണ് ഗർഭിണികളായ 2 പശുക്കൾക്ക് പരുക്കേറ്റു. അരിയിൽ കുണ്ടത്ത് പാഞ്ചാലി, കാനത്തിൽ പാത്തു, കയ്യം പ്രേമൻ, ദാക്ഷായണി, മുളളൂൽ പഴയപുരയിൽ വാസുദേവൻ, പി.നാരായണൻ, പട്ടുവം വളപ്പിൽ ചന്ദ്രമതി എന്നിവരുടെ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. വൈദ്യുത തൂണുകളും ഒടിഞ്ഞുവീണു.

ചപ്പാരപ്പടവ്∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച കാറ്റിൽ വൻ നാശം. 4 വീടുകൾ മരം വീണ് തകർന്നു.  ഒട്ടേറെ വൈദ്യുത തൂണുകളും ലൈനുകളും നിലംപൊത്തി. റബർ, കശുമാവ്, കമുക്, ജാതി, തേക്ക് ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു. പടപ്പേങ്ങാട് ബപ്പന്റകത്ത് മൊയ്തീൻ, കൂവരിയിലെ ടി.കുഞ്ഞിരാമൻ, കുട്ടിക്കരിയിലെ കോളിയാട്ട് വളപ്പിൽ വിലാസിനി, മുണ്ടിയാനിക്കൽ ജോസഫ് എന്നിവരുടെ വീടുകൾക്കു മുകളിലാണ് മരം വീണത്.  മരം വീണ് മുണ്ടിയാനിക്കൽ ജോസഫിന്റെ  വീടിനു വിള്ളൽ വീണു. ശാന്തിഗിരിയിലെ തൂയിപ്ര കുഞ്ഞിരാമൻ, കാളീരകത്ത് മറിയം, തുയിപ്ര ഫിറോസ്, കൂവേരിയിലെ പി.വി.ജാനകി, വി.വി.നാരായണൻ, പി.വി.മാധവി, രവീന്ദ്രൻ കുവേരി എന്നിവരുടെ കാർഷിക വിളകളാണ് നശിച്ചത്.  കുവേരി മേഖലയിൽ ഒട്ടേറെ വൈദ്യുതത്തൂണുകളും ലൈനും തകർന്നു.

ഇരിക്കൂർ ∙ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും   മരം വീണ് 6 വീടുകൾ ഭാഗികമായും 3 പശുത്തൊഴുത്തുകൾ പൂർണമായും തകർന്നു. 10 ഹൈടെൻഷൻ വൈദ്യുതത്തൂൺ ഉൾപ്പെടെ 20 തൂണുകളും തകർന്നു.  മലപ്പട്ടം വെണ്ണക്കുന്ന് ലക്ഷംവീട് നഗറിലെ എൻ.പി.സഫിയ, കാപ്പാട്ടുകുന്നിലെ പി.വി.ആമിന, കെ.കെ.മുസ്തഫ, കൊവുന്തലയിലെ പി.കെ.അശോകൻ, പി.കെ.കാർത്യായനി, തലക്കോട്ടെ വി.ഷൈജു എന്നിവരുടെ വീടുകളാണ് തകർന്നത്. തലക്കോട്ടെ  കെ.പി.രാധാകൃഷ്ണൻ, മലപ്പട്ടത്തെ ഇ.ആർ.ജനാർദനൻ, അടിച്ചേരിയിലെ വി.പി.മുഹമ്മദ് എന്നിവരുടെ പശുത്തൊഴുത്തുകൾ തകർന്നു.  തലക്കോട്ടെ കെ.വി.ബാലകൃഷ്ണന്റെ വർക്ക് ഷെഡും തകർന്നു.  തലക്കോട്, കൊവുന്തല, അരീച്ചാൽ, പന്നിയോട്ടുവയൽ, നല്ലാഞ്ഞി, കാപ്പാട്ടുകുന്ന്, ചെപ്പനക്കൊഴുമ്മൽ, കരിമ്പിൽ, പതിനാറാംപറമ്പ്, കുട്ടാവ്, ചേടിച്ചേരി എന്നിവിടങ്ങളിൽ വൈദ്യുത തൂണുകളും ലൈനുകളും തകർന്നു. മലപ്പട്ടം, തലക്കോട്, കത്തിയണക്ക് റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മിക്ക പ്രദേശങ്ങളിലും വൈദ്യുത  പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

വൈദ്യുതി വിതരണം താറുമാറായി
വൈദ്യുതി വിതരണ രംഗത്താണ് വൻ നാശം ഉണ്ടായത്. തളിപ്പറമ്പ് സബ് ഡിവിഷൻ മേഖലയിൽ ധർമശാല വൈദ്യുതി സെക്‌ഷനു കീഴിൽ 60 എൽടി തൂണുകളും 15 എച്ച്ടി തൂണുകളും ഒടിഞ്ഞു. 80 ഇടത്ത് കമ്പികൾ പൊട്ടിവീണു. നൂറ്റൻപതോളം സ്ഥലങ്ങളിൽ മരങ്ങൾ വീണു. പരിയാരം സെക്‌ഷനുകീഴിൽ 6 എൽടി തൂണുകൾ പൊട്ടി. 10 സ്ഥലത്ത് കമ്പികൾ പൊട്ടുകയും 34 സ്ഥലങ്ങളിൽ മരങ്ങൾ വീഴുകയും ചെയ്തു. കരിമ്പം സെക്‌ഷനു കീഴിൽ 2 എച്ച്ടി തൂണുകളും 5 എൽടി തൂണുകളും തകർന്നു. 20 സ്ഥലങ്ങളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. തളിപ്പറമ്പ് സെക്‌ഷനു കീഴിൽ 12 എൽടി തൂണുകളും ഒരു എച്ച്ടി തൂണും തകർന്നു. 50 സ്ഥലങ്ങളിൽ മരം വീണു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. തകരാർ സംഭവിച്ച സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുഃനസ്ഥാപനം നടന്ന് വരികയാണ്. അടുത്ത ദിവസങ്ങളിൽ മറ്റ് സെക്ഷനുകളിൽ നിന്നും ജീവനക്കാരെ എത്തിച്ച് വൈദ്യുതി വിതരണം ഉടനെ തന്നെ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

ഓടിയെത്തി  അഗ്നിരക്ഷാ സേന
തളിപ്പറമ്പ്∙ കാറ്റ് ആഞ്ഞു വീശി നാടാകെ തകർന്നപ്പോൾ അഗ്നിരക്ഷാ സേനയ്ക്ക് ഉറക്കമില്ലാ രാത്രിയായി.  അർധ രാത്രിതന്നെ രംഗത്തിറങ്ങിയ തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ രക്ഷാ പ്രവർത്തനം പൂർത്തിയായത് രാവിലെ 10ന്. സ്റ്റേഷൻ ഓഫിസർ പ്രേംരാജ് കക്കാടിയുടെ നേതൃത്വത്തലുള്ള 15 സേനാംഗങ്ങളാണ് വിവിധ സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ച് നീക്കിയത്. പാപ്പിനിശേരി മുതൽ ആന്തൂർ, നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിലും വീടുകൾക്ക് മുകളിലും വീണ 50 മരങ്ങൾ അഗ്നിരക്ഷാ സേന മുറിച്ച് നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com